വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസിൽ
Saturday, September 7, 2024 2:15 AM IST
ന്യൂഡൽഹി: ഗോദയിൽ എതിരാളികളെ മലർത്തിയടിക്കുന്ന കരുത്തർ ഇനി രാഷ്ട്രീയത്തിന്റെ ചതുരംഗ കളിയിൽ മികവ് തെളിയിക്കും. ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും റെയിൽവെയിലെ ജോലി രാജിവച്ച് കോണ്‍ഗ്രസിൽ ചേർന്നു.
ഡൽഹിയിലെ എഐസിസി ആസ്ഥാനത്തെത്തി ഇരുവരും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസിൽ അംഗത്വമെടുത്തത്. നേരത്തേ പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത മാസം നടക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുവരും മത്സരിക്കാനുള്ള സാധ്യതയേറി.
ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും മുൻ ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരേയുള്ള പ്രക്ഷോഭത്തെ മുൻനിരയിൽ നിന്നു നയിച്ച നേതാക്കളാണ് വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും.
കർഷകർക്ക് പിന്തുണയറിയിച്ചും സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങളിൽ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയും ബിജെപിക്കെതിരേ ശബ്ദമുയർത്തിയ ഇരുവരുടെയും രംഗപ്രവേശം ഹരിയാനയിലെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് ഇന്ധനമാകും.
തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ നിലനിൽക്കെ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കഴിഞ്ഞദിവസം രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ വിനേഷിന് റെയിൽവെയിൽനിന്നു കാരണംകാണിക്കൽ നോട്ടീസ് ലഭിച്ചുവെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. രാജ്യത്തിന്റെ പ്രതിപക്ഷനേതാവിനെ കാണുന്നത് ഇത്ര വലിയ തെറ്റാണോയെന്ന് കെ.സി. വേണുഗോപാൽ ചോദിച്ചു.
സ്ത്രീകൾക്കെതിരേയുള്ള അക്രമങ്ങളിൽ പ്രതികരിക്കുന്ന കോണ്‍ഗ്രസിനോടൊപ്പം പ്രവർത്തിക്കുന്നതിൽ അഭിമാനമുണ്ടെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. ഞങ്ങൾ തെരുവുകളിൽ വലിച്ചിഴയ്ക്കപ്പെട്ടപ്പോൾ ബിജെപിയൊഴികെ എല്ലാ പാർട്ടികളും പിന്തുണയുമായെത്തിയെന്ന് വിനേഷ് ചൂണ്ടിക്കാട്ടി.
ഒളിന്പിക്സിൽ വിനേഷ് ഫൈനലിലെത്തിയപ്പോൾ എല്ലാവരും സന്തോഷിച്ചെന്നും എന്നാൽ അവൾ അയോഗ്യയാക്കപ്പെട്ടപ്പോൾ ചിലർ ആഘോഷിച്ചെന്നും ബജ്രംഗ് പുനിയ പറഞ്ഞു.
ഫോഗട്ടും പുനിയയും പരാജയപ്പെടുമെന്ന് ബ്രിജ്ഭൂഷൺ
ഗോണ്ട: വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ബിജെപി സ്ഥാനാർഥികൾ പരാജയപ്പെടുത്തുമെന്ന് ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും മുൻ ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗ്.
ലൈംഗികപീഡനക്കേസിൽ ഇദ്ദേഹത്തിനെതിരേ ഉയർന്ന പ്രതിഷേധത്തിന്റെ മുൻനിരയിലുണ്ടായിരുന്നവരാണ് ഫോഗട്ടും പൂനിയയും.
ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ വിനേഷും
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാർഥിപട്ടിക കോൺഗ്രസ് പുറത്തുവിട്ടു. 90 അംഗ നിയമസഭയിലെ 31 സീറ്റുകളിലേക്കാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
ഇന്നലെ പാർട്ടിയിൽ ചേർന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടിന് സീറ്റ് നൽകിയിട്ടുണ്ട്. ജുലാനയിൽനിന്നാണ് വിനേഷ് മത്സരിക്കുക. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ ഗാർഹി സാംപ്ല-കിലോലി സീറ്റിൽ മത്സരിക്കും.