കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം
Saturday, November 2, 2024 1:32 AM IST
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരേ ഉയർന്ന കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിനു തീരുമാനം.
ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ കടുത്ത പ്രതിരോധത്തിലാക്കി കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിക്കാനാണ് പോലീസിന്റെ നീക്കം.
കുഴല്പ്പണമായെത്തിയതു ബിജെപിയുടെ തെരഞ്ഞെടുപ്പു ഫണ്ടാണെന്നും ധർമരാജൻ എന്നയാൾ ചാക്കിൽ കെട്ടിയാണു പണം കൊണ്ടുവന്നതെന്നുമാണ് സതീഷ് കഴിഞ്ഞദിവസം പറഞ്ഞത്.
ചാക്കുകെട്ടുകൾ ഓഫീസിൽ വച്ചുവെന്നും ജില്ലാ ഓഫീസിന്റെ നിർദേശപ്രകാരമാണ് എല്ലാം ചെയ്തതെന്നും അക്കാലത്തെ ബിജെപി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര് സതീഷ് വ്യക്തമാക്കിയിരുന്നു.
പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർബേഷ് സാഹിബുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് പോലീസ് നടപടി.
വയനാട് പാർലമെന്റ് മണ്ഡലത്തിലെയും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പുകളുടെ പ്രചാരണ പ്രവർത്തനങ്ങൾ മൂർധന്യാവസ്ഥയിലായ സമയത്താണ് കൊടകര കുഴൽപ്പണക്കേസിൽ പുതിയ നീക്കവുമായി പോലീസ് മുന്നോട്ടു പോകുന്നത്.
അതേസമയം, കേസിൽ തുടരന്വേഷണം നടത്താനുള്ള സംസ്ഥാന സർക്കാർ നീക്കം ബിജെപി-സിപിഎം കൂട്ടുകെട്ടിൽ നിന്നു ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം.
പുതിയ വെളിപ്പെടുത്തൽ നടത്തിയ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയുടെ അനുമതിയോടെ തുടരന്വേഷണം നടത്താനാണ് തീരുമാനം.
ഉപതെരഞ്ഞെടുപ്പിനിടെ ബിജെപിയെ പ്രതിരോധത്തിലാക്കുന്ന കൊടകര കുഴൽപ്പണക്കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പുനരന്വേഷണം നടത്തണമെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദേശത്തിനു പിന്നാലെയാണ് സർക്കാർ നടപടി. ഒരു തവണ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസ് വീണ്ടും അന്വേഷിക്കാനാണ് തീരുമാനം.
കൊടകര ദേശീയ പാതയിൽവച്ച് കാറിൽ കൊണ്ടുപോകുകയായിരുന്ന 3.5 കോടി രൂപ ക്രിമിനൽ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്. 2021 ഏപ്രിൽ നാലിനു പുലർച്ചെ കൊടകരയിൽ വ്യാജ അപകടം സൃഷ്ടിച്ച് കാർ തട്ടിക്കൊണ്ടുപോയാണ് മൂന്നരക്കോടി കവർന്നത്. ഇതു ബിജെപിയുടെ തെരഞ്ഞെടുപ്പു ഫണ്ടായിരുവെന്നെന്നാണ് ആരോപണം.
തെരഞ്ഞെടുപ്പിനായി കർണാടകയിൽനിന്നു കടത്തിക്കൊണ്ടുവന്ന പണം ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർക്കു നൽകാൻ കൊണ്ടുപോയതാണെന്ന് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ കാണിച്ചിരുന്നു. 23 പേർ അറസ്റ്റിലായി. ബിജെപി നേതാക്കൾ ഉൾപ്പെടെ 19 പേർ സാക്ഷികളാണ്. കവർന്ന തുകയിൽ 1.4 കോടി എവിടെയെന്നു കണ്ടെത്താൻ സാധിച്ചില്ല.