ഐഎംഎ ഓണാഘോഷം സെപ്റ്റംബർ അഞ്ചിന്
Wednesday, August 6, 2025 12:11 PM IST
ഷിക്കാഗോ: പ്രതീക്ഷയുടെ പൂക്കളങ്ങൾ തീർക്കാൻ ഓണം വരവായി. പൂവിലും തളിരിലും മാത്രമല്ല മനസുകളിലും വസന്തം വിടർത്തിക്കൊണ്ടാണ് ഈ പൊന്നോണം പ്രവാസികളിലേക്ക് വിരുന്നു വരുന്നത്.
നോർത്ത് അമേരിക്കയിലെ പ്രവാസി സംഘടനകളിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യത്തിന്റെ ഗരിമ പേറുന്ന ഇല്ലിനോയി മലയാളി അസോസിയേഷൻ സെപ്റ്റംബർ അഞ്ചിന് വൈകുന്നേരം ആറു മുതൽ ഡെസ്പ്ലെയിൻസിലെ ക്നാനായ സെന്ററിൽ (1800 E Oakton St, Des Plaines, IL 60018) ഓണാഘോഷം സംഘടിപ്പിക്കുന്നു.
ശോഭാ നായരുടെയും ആനീസ് സണ്ണിയുടെയും നേതൃത്വത്തിൽ ആകർഷകങ്ങളായ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഓണാഘോഷങ്ങളിൽപങ്കെടുത്ത് പരിപാടിയെ വിജയിപ്പിക്കണമെന്ന് ഷിക്കാഗോയിലെ നല്ലവരായ മലയാളി സമൂഹത്തോട് അഭ്യർഥിക്കുന്നതായും പ്രസിഡന്റ് ജോയ് പീറ്റേഴ്സ് ഇണ്ടിക്കുഴി, സെക്രട്ടറി പ്രജിൽ അലക്സാണ്ടർ, എക്സിക്യൂട്ടീവ് അംഗങ്ങളായ സ്റ്റീഫൻ ചൊള്ളമ്പേൽ, ഷാനി എബ്രഹാം, ലിൻസ് താന്നിച്ചുവട്ടിൽ, ജോസി കുരിശിങ്കൽ, ജോർജ് മാത്യു എന്നിവർ അറിയിച്ചു.
സംഘടനയുടെ മുൻ പ്രസിഡന്റായിരുന്ന സാം ജോർജാണ് ഇത്തവണത്തെ ഓണാഘോഷങ്ങളുടെ കോഓർഡിനേറ്റർ.