മോണ്ടാനയിൽ വെടിവയ്പ്: നാല് പേർ കൊല്ലപ്പെട്ടു അക്രമിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്
പി.പി. ചെറിയാൻ
Wednesday, August 6, 2025 6:42 AM IST
മോണ്ടാന: 2025 ഓഗസ്റ്റ് 1 ന് പുലർച്ചെ മോണ്ടാനയിലെ അനക്കോണ്ടയിലുള്ള ഔൾ ബാറിൽ നടന്ന വെടിവയ്പ്പിൽ നാലുപേർ കൊല്ലപ്പെട്ടു. 52 വയസുകാരനായ മൈക്ക് ബ്രൗൺ എന്ന അക്രമിക്കായി അധികൃതർ തിരച്ചിൽ ആരംഭിച്ചു. നഗരത്തെ നടുക്കിയ ഈ സംഭവം വലിയ തോതിലുള്ള പോലീസ് വിന്യാസത്തിനും പൊതുജനങ്ങളിൽ പരിഭ്രാന്തിക്കും ഇടയാക്കി.
രാവിലെ 8ന് മുൻപാണ് ഔൾ ബാറിനുള്ളിലോ സമീപോത്തോ വെടിവയ്പ്പുണ്ടായത്. ബ്രൗൺ ഒരു AR-15 ശൈലിയിലുള്ള റൈഫിൾ ഉപയോഗിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. വെടിവയ്പ്പിന് ശേഷം അക്രമി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
വെടിവയ്പ്പിനെത്തുടർന്ന് ഔൾ ബാറിന് ചുറ്റുമുള്ള റോഡുകൾ അടയ്ക്കുകയും സമീപത്തെ കടകൾ അടച്ചിടാൻ നിർദേശിക്കുകയും ചെയ്തു. പ്രദേശവാസികൾക്ക് ഷെൽട്ടർഇൻപ്ലേസ് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് ഇത് പിൻവലിക്കുകയും വീണ്ടും പുനഃസ്ഥാപിക്കുകയും ചെയ്തത് ആശയക്കുഴപ്പമുണ്ടാക്കി.
രാത്രിയോടെ ഉത്തരവ് പൂർണമായി പിൻവലിച്ചെങ്കിലും ജാഗ്രത തുടരാൻ അധികൃതർ നിർദേശിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അനക്കോണ്ട പോലീസ് വകുപ്പ് പ്രാദേശിക, സംസ്ഥാന, ഫെഡറൽ ഏജൻസികളുമായി ചേർന്ന് പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. മൂന്നാം സ്ട്രീറ്റ്, ആഷ് സ്ട്രീറ്റ് പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും സംശയാസ്പദമായ എന്തെങ്കിലും കണ്ടാൽ ഉടൻ അറിയിക്കാനും പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. മൈക്ക് ബ്രൗണിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്സിനെ രഹസ്യമായി അറിയിക്കണമെന്നും പോലീസ് അറിയിച്ചു.