മനുഷ്യക്കടത്ത്: ഇരകൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് യുഎസ് നീതിന്യായ വകുപ്പ്
ലാൽ വർഗീസ്
Wednesday, August 6, 2025 6:47 AM IST
വാഷിംഗ്ടൺ ഡിസി: ഓൺലൈൻ പോർട്ടൽ മുഖേന മനുഷ്യക്കടത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി യുഎസ് നീതിന്യായ വകുപ്പ് (ഡിഒജെ) അറിയിച്ചു.
ബാക്ക്പേജ് ഡോട്ട് കോം എന്ന വെബ്സൈറ്റിലൂടെയാണ് മനുഷ്യക്കടത്തിന് ഇരയായത്. പോർട്ടലിന്റെ ലാഭവുമായി ബന്ധപ്പെട്ട് 2024 ഡിസംബറിൽ 200 മില്യൻ ഡോളറിലധികം വരുന്ന ആസ്തികൾ കണ്ടുകെട്ടിയിരുന്നു. ഈ ഫണ്ടുകളാണ് ഇപ്പോൾ മനുഷ്യക്കടത്തിന് ഇരയായവർക്ക് നഷ്ടപരിഹാരമായി നൽകുന്നത്.
2004 ജനുവരി ഒന്ന് മുതൽ 2018 ഏപ്രിൽ ആറ് വരെ സൈറ്റിൽ പോസ്റ്റ് ചെയ്ത പരസ്യങ്ങളിലൂടെ മനുഷ്യക്കടത്തിന് ഇരയാകുകയും അതുവഴി സാമ്പത്തിക നഷ്ടം ഉണ്ടായവർക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ട്.
അർഹരായ വ്യക്തികൾക്കോ, അവരുടെ പ്രതിനിധികൾക്കോ അല്ലെങ്കിൽ അവരുടെ എസ്റ്റേറ്റുകൾക്കോ ഓൺലൈൻ വഴിയോ ബാക്ക്പേജ് പെർമിഷൻ ഡോട്ട് കോം എന്ന വെബ്സൈറ്റിൽ നിന്ന് പെറ്റീഷൻ ഫോം ഡൗൺലോഡ് ചെയ്തോ അപേക്ഷ സമർപ്പിക്കാം.
പെറ്റീഷൻ ഫോമിനായി റീമിഷൻ അഡ്മിനിസ്ട്രേറ്ററിനെ നേരിട്ട് ബന്ധപ്പെടുകയോ അല്ലെങ്കിൽ ഇമെയിൽ അയയ്ക്കുകയോ ചെയ്യാം. നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഫെബ്രുവരി രണ്ടിനാണ്.