അർക്കൻസാസ് ഇരട്ടക്കൊലപാതകം: അധ്യാപകൻ ഹെയർ സലൂണിൽ നിന്ന് അറസ്റ്റിലായി
പി പി ചെറിയാൻ
Wednesday, August 6, 2025 6:21 AM IST
സ്പ്രിംഗ്ഡെയൽ, അർക്കൻസാസ്: അർക്കൻസാസിലെ ഡെവിൾസ് ഡെൻ സ്റ്റേറ്റ് പാർക്കിൽ നടന്ന ഇരട്ടക്കൊലപാതക കേസിലെ പ്രതി പിടിയിൽ. ഇയാളെ ഹെയർ സലൂണിൽനിന്നാണ് പോലീസ് പിടികൂടിയത്. ഈ വർഷം സ്പ്രിംഗ്ഡെയൽ പബ്ലിക് സ്കൂൾസിൽ അധ്യാപകനായി ജോലിയിൽ പ്രവേശിക്കാൻ തയാറെടുക്കുന്നതിനിടെയാണ് ജെയിംസ് ആൻഡ്രൂ മക്ഗാൻ (28) അറസ്റ്റിലായത്.
ജൂലൈ 26ന് മക്കളുമായി നടക്കാൻ പോയ ക്ലിന്റൺ ഡേവിഡ് ബ്രിങ്ക് (43), ഭാര്യ ക്രിസ്റ്റൻ അമാൻഡ ബ്രിങ്ക് (41) എന്നിവരെ ബുധനാഴ്ച വൈകീട്ടാണ് ഡെൻ സ്റ്റേറ്റ് പാർക്കിലെ നടപ്പാതയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഏഴും ഒൻപതും വയസുള്ള ഇവരുടെ മക്കൾക്ക് പരുക്കുകളൊന്നുമില്ല.
പ്രതി അടുത്തിടെ ഓക്ലഹോമയിൽനിന്ന് ഇവിടേക്ക് താമസം മാറിയതാണ്. മക്ഗാൻ 2023-24 അധ്യയന വർഷത്തിൽ ഓക്ലഹോമയിലെ ബ്രോക്കൺ ആരോസ് എന്ന സ്ഥലത്ത് അഞ്ചാം ക്ലാസ് അധ്യാപകനായിരുന്നുവൈന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അർക്കൻസാസ് ഗവർണർ സാറ ഹക്കബി സാൻഡേഴ്സ് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ബ്രിങ്ക് കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു. കുട്ടികൾ സുരക്ഷിതരാണെന്നും ബന്ധുക്കളുടെ സംരക്ഷണയിൽ ആണെന്നും പോലീസ് അറിയിച്ചു.