അർക്കൻസാസിൽ ദമ്പതികളെ വെടിവച്ചു കൊലപ്പെടുത്തി; പ്രതിക്കായി തെരച്ചിൽ തുടരുന്നു
പി .പി ചെറിയാൻ
Saturday, August 2, 2025 5:44 AM IST
അർക്കൻസാസ്: അർക്കൻസാസിലെ ഡെവിൾസ് ഡെൻ സ്റ്റേറ്റ് പാർക്കിൽ ഹൈക്കിംഗ് നടത്തി കൊണ്ടിരുന്ന ദമ്പതികളെ വെടിവെച്ചു കൊലപ്പെടുത്തി. ക്ലിന്റൺ ഡേവിഡ് ബ്രിങ്ക് (43), ക്രിസ്റ്റൻ അമാൻഡ ബ്രിങ്ക് (41) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അർക്കൻസാസ് സ്റ്റേറ്റ് പോലീസ് അറിയിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിനാണ് ഇരട്ടക്കൊലപാതകം നടന്നത്. പാർക്കിൽ പെൺമക്കളോടൊപ്പം ഹൈക്കിംഗ് നടത്തുന്നതിനിടെയാണ് ഇവർ ആക്രമിക്കപ്പെട്ടത്. ഏഴും ഒൻപതും വയസുള്ള കുട്ടികൾക്ക് പരുക്കില്ലെന്നും ഇരുവരും ഇപ്പോൾ ബന്ധുക്കളുടെ സംരക്ഷണയിലാണെന്നും പോലീസ് അറിയിച്ചു. അതേസമയം കൊലപാതകങ്ങൾക്ക് കുട്ടികൾ സാക്ഷികളാണോ എന്നത് വ്യക്തമല്ല.
അടുത്തിടെയാണ് ഇവർ മൊണ്ടാനയിൽ നിന്നും പ്രൈറി ഗ്രോവിലേക്ക് താമസം മാറിയത്. ഇരുണ്ട വസ്ത്രങ്ങളും വിരലില്ലാത്ത കയ്യുറകളും ധരിച്ചയാളാണ് പ്രതിയെന്നും ഇയാൾ കറുത്ത സെഡാൻ കാറിൽ രക്ഷപ്പെട്ടെന്നുമാണ് നിഗമനം. പ്രതിക്കായി പോലീസ് തിരച്ചിൽ തുടങ്ങി. മൊബൈൽ ഫോൺ ദൃശ്യങ്ങളും സുരക്ഷാ വിഡിയോകളും പരിശോധിച്ചാണ് അന്വേഷണം നടത്തുന്നത്.
കൊലപാതകം നടന്ന പാർക്കിന്റെ ഭാഗം ഞായറാഴ്ചയും അടച്ചിട്ടിരിക്കുകയാണ്. പ്രദേശത്ത് മൊബൈൽ ഫോൺ സേവനം ലഭ്യമല്ലെന്നും ഡെവിൾസ് ഡെൻ സ്റ്റേറ്റ് പാർക്കിലെ എല്ലാ പാതകളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുമെന്നും പാർക്ക് അധികൃതർ അറിയിച്ചു.