ടിസാക്ക് വടംവലി മത്സരം: ചാക്കോച്ചന് മേടയിലും ലൂക്ക് കിഴക്കേപ്പുറത്തും കോഓര്‍ഡിനേറ്റര്‍മാര്‍
ജീമോന്‍ റാന്നി
Tuesday, August 5, 2025 1:10 PM IST
ഹൂസ്റ്റണ്‍: ടെക്സസ് ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് ആൻഡ് ആര്‍ട്സ് ക്ലബിന്റെ(ടിസാക്ക്) ആഭിമുഖ്യത്തില്‍ നടത്തുന്ന വടംവലി മത്സരം നാലാം സീസണിന്റെ കോ-ഓര്‍ഡിനേറ്റര്‍മാരായി ചാക്കോച്ചന് മേടയില്‍, ലൂക്ക് കിഴക്കേപ്പുറത്ത് എന്നിവരെ പ്രസിഡന്റ് ഡാനി രാജുവിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി നിയോഗിച്ചു.
ഈ മാസം ഒമ്പതിന് രാവിലെ രാവിലെ മുതല്‍ വൈകുന്നേരം വരെ ഫോര്‍ട്ബെന്‍ഡ് കൗണ്ടി എപിക് സെന്ററില്‍ (Fort bend County Epicenter - Indoor air- conditioning) നടക്കുന്ന വടംവലി അമേരിക്കയിലെ പ്രഥമ ഇന്‍ഡോര്‍ വടംവലിയായി ചരിത്രത്തില്‍ സ്ഥാനം പിടിക്കാന്‍ പോവുകയാണ്.
ലോകത്തെ പുരാതന മത ചടങ്ങുകളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും ഉത്ഭവിച്ച് ഇന്ന് മലയാളികളുടെ അഭിനിവേശമായി മാറിയിരിക്കുന്ന കായിക ഇനമാണ് വടംവലി മത്സരം. യുഎസ്എ, കാനഡ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നിരവധി ടീമുകളാണ് ടിസാക്കിന്റെ ഈ വടംവലി മത്സരത്തില്‍ പങ്കെടുക്കാന്‍ കച്ചമുറുക്കി എത്തുന്നത്.
വിജയികള്‍ക്കും പങ്കെടുക്കുന്നവര്‍ക്കും ആകര്‍ഷകമായ കാഷ് അവാര്‍ഡുകളും നല്‍കുന്നതാണ്. ടിസാക്ക് വടംവലി മത്സരം നാലാം സീസണ് ചരിത്ര സംഭവമാക്കിമാറ്റാന്‍ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.