അമിത വേഗതയിൽ പാഞ്ഞ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം
പി .പി. ചെറിയാൻ
Wednesday, August 6, 2025 7:24 AM IST
ഹൂസ്റ്റൺ: അമിത വേഗതയിലെത്തിയ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് രണ്ട് മരണം. ശനിയാഴ്ച പുലർച്ചെ ഹൂസ്റ്റണിലെ മിഡ്ടൗണിലാണ് അപകടമുണ്ടായത്. വാഹനമോടിച്ചയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി.
പുലർച്ചെ രണ്ടു മണിയോടെ സ്മിത്ത് സ്ട്രീറ്റിൽ അമിത വേഗതയിലെത്തിയ വാഹനം രണ്ട് വാഹനങ്ങളിൽ ഇടിച്ചു. തുടർന്ന് ഈ വാഹനത്തെ പോലീസ് പിന്തുടരുന്നതിനിടെ എൽഗിൻ സ്ട്രീറ്റിൽ വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു.
ഇടിയേറ്റ വാഹനം ഒരു കെട്ടിടത്തിലേക്ക് ഇടിച്ചുകയറി തീപിടിക്കുകയായിരുന്നു. മരിച്ചവർ ഇരുവരും ഇടിയേറ്റ വാഹനത്തിലുണ്ടായിരുന്നവരാണെന്ന് ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.