ഭാര്യയെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ദന്തഡോക്ടറായ ഭർത്താവിന് ജീവപര്യന്തം
പി.പി. ചെറിയാൻ
Wednesday, August 6, 2025 2:44 AM IST
കൊളറാഡോ: ഭാര്യയെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ദന്തഡോക്ടറായ ഭർത്താവ് ഡോ. ജെയിംസ് ടോളിവർ ക്രെയ്ഗിന് (47) കോടതി പരോൾ ഇല്ലാത്ത ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റമാണ് ക്രെയ്ഗിനെതിരെ ചുമത്തിയിരുന്നത്.
രണ്ട് കുട്ടികളും പിതാവിനെതിരെ നേരത്തെ മൊഴി നൽകിയിരുന്നു. മൂന്നാഴ്ച നീണ്ട കൊലപാതക വിചാരണക്കൊടുവിലാണ് വിധി വന്നത്. ഭൗതിക തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും, കള്ളസാക്ഷ്യം നൽകാൻ ശ്രമിച്ചതിനും ഉൾപ്പെടെ അഞ്ച് അധിക കുറ്റങ്ങളും ക്രെയ്ഗിനെതിരെ ചുമത്തിയിട്ടുണ്ട്.
2023ലാണ് ആഞ്ചല ക്രെയ്ഗ് മരണമടഞ്ഞത്. സയനൈഡ്, ടെട്രാഹൈഡ്രോസോളിൻ എന്നിവയുടെ വിഷബാധയാണ് മരണകാരണമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. സാമ്പത്തിക പ്രശ്നങ്ങളും ടെക്സസിലെ ഓർത്തോദന്തിസ്റ്റുമായുള്ള വിവാഹേതര ബന്ധവുമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു.
എന്നാൽ, ആഞ്ചല വിഷാദരോഗി ആയിരുന്നുവെന്നും ആത്മഹത്യാപ്രവണത കാണിച്ചിരുന്നുവെന്നുമാണ് പ്രതിഭാഗം വാദിച്ചത്. 2023 മാർച്ചിൽ ആഞ്ചല ക്രെയ്ഗിന് തലകറക്കം, ഛർദ്ദി, കടുത്ത തലവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയും പിന്നീട് ഇത് കൂടുതൽ ഗുരുതരമായി കോമയിൽ പ്രവേശിച്ചതിന് ശേഷമാണ് മസ്തിഷ്ക മരണം സംഭവിച്ചത്.