ട്രൈസ്റ്റേറ്റ് കേരളം ഫോറം കർഷക രത്ന അവാർഡിന് അപേക്ഷിക്കാം
അഭിലാഷ് ജോൺ
Friday, August 1, 2025 4:14 PM IST
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം മികച്ച കർഷകർക്കായി എല്ലാ വർഷവും നൽകിവരുന്ന കർഷക രത്ന അവാർഡിനായി ഇപ്പോൾ അപേക്ഷിക്കാം. ഈ മാസം 23ന് ഫിലഡൽഫിയ സെന്റ് തോമസ് സീറോമലബാർ പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിൽ വച്ചാണ് അവാർഡ് വിതരണം ചെയ്യുന്നത്.
വളരെ ചുരുങ്ങിയ സൗകര്യത്തിലും വളരെ മികച്ച രീതിയിൽ അടുക്കളത്തോട്ട കൃഷി ചെയ്യുന്നവരാണ് ഫിലാഡൽഫിയയിലേയും സമീപ പ്രദേശങ്ങളിലെയും മലയാളി സമൂഹം. അവർക്ക് പരമാവധി പ്രോത്സാഹനം നൽകുക എന്ന ഉദ്ദേശത്തോടെയാണ് ടികെഫ് എല്ലാ വർഷവും കർഷക രത്ന അവാർഡുകൾ വിതരണം ചെയ്യുന്നത്.
അപേക്ഷയിൽ നിന്നും മികച്ചത് തെരഞ്ഞെടുത്തു സ്ഥലം സന്ദർശനം നടത്തി വിത്തിടീൽ മുതൽ വിളവെടുപ്പ് വരെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് വിജയിയെ പ്രഖ്യാപിക്കുക. ജൈവ കൃഷി ചെയ്യുന്നവർക്കും പരമ്പരാഗത കേരള കാർഷിക ഉത്പന്നങ്ങൾ കൃഷി ചെയ്യുന്നവർക്കുമാണ് മുൻഗണന നൽകുന്നത്.
ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് ടികെഫ് എവർറോളിംഗ് ട്രോഫിയും പ്രശസ്തി പത്രവും ക്യാഷ് അവാർഡും നൽകും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് പ്രശസ്തി പത്രവും ക്യാഷ് അവാർഡുമാണ് സമ്മാനം.
"ആർപ്പോ ഇർർറോ' എന്ന് പേരിട്ടിരിക്കുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തിനും വിപുലമായ ഒരുക്കങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 23ന് ഉച്ചയ്ക്ക് രണ്ടിന് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കൊടിയേറുന്ന ഓണാഘോഷത്തിനു വിഭവസമൃദ്ധമായ ഓണസദ്യ, ഘോഷയാത്ര, തിരുവാതിര, അത്തപ്പൂക്കളം എന്നിവയ്ക്ക് പുറമെ പിന്നണി ഗായകൻ അഫ്സലും സംഘവും അവതരിപ്പിക്കുന്ന സ്റ്റേജ് ഷോയും നടക്കും.