ജാമ്യത്തിലിറങ്ങി മുങ്ങി, പിന്നാലെ ഭീഷണിയും; കൊലപാതക കേസ് പ്രതിയെ തപ്പി പോലീസ്
പി.പി. ചെറിയാൻ
Friday, May 9, 2025 3:17 PM IST
ടെക്സസ്: അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ട്രെവർ മക്യൂണിനെ പിടികൂടുന്നതിന് സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് കൗഫ്മാൻ കൗണ്ടി ഷെരീഫ് ഓഫീസിലെ ഷെരീഫ് ബ്രയാൻ ബീവേഴ്സ് 10,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു.
കൊലപാതക കേസിൽ കോടതിയിൽ ഹാജരാകാതിരിക്കുകയും കാൽമുട്ടിലെ ട്രാക്കിംഗ് ഉപകരണം നീക്കം ചെയ്യുകയും ചെയ്തതിനെ തുടർന്നാണ് ട്രെവർ മക്യൂണിനെ കണ്ടെത്താനുള്ള തെരച്ചിൽ പോലീസ് ആരംഭിച്ചത്.
മക്യൂണിനെ കണ്ടെത്തിയാൽ പിടികൂടാൻ ശ്രമിക്കരുതെന്നും പകരം 911ൽ വിളിക്കുകയോ അല്ലെങ്കിൽ കൗഫ്മാൻ കൗണ്ടി ഷെരീഫ് ഓഫീസിലോ(469 376 4500) കൗഫ്മാൻ കൗണ്ടി ക്രൈം സ്റ്റോപ്പേഴ്സിലോ (1 877 847 7522) എന്നിവരുമായി ബന്ധപ്പെടണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. പൊതുജനങ്ങൾക്ക് നിലവിൽ ഇയാൾ ഭീഷണിയില്ലെന്ന് വാൻ സാൻഡ്റ്റ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
2023 മേയിലാണ് ആരോൺ മാർട്ടിനെസ്(35) എന്ന അയൽവാസിയെയാണ് ട്രെവർ മക്യൂൺ വെടിവച്ച് കൊലപ്പെടുത്തിയത്. വെടിയേറ്റ് മരിച്ചനിലയിൽ മാർട്ടിനെസിനെ അദ്ദേഹത്തിന്റെ ട്രക്കിൽ കണ്ടെത്തുകയായിരുന്നു.
കൗഫ്മാൻ കൗണ്ടി ഡപ്യൂട്ടിമാർ മക്യൂൺ സംഭവസ്ഥലത്ത് നിന്ന് ട്രക്ക് ഓടിച്ചുപോകുന്നത് കണ്ടിരുന്നു. 2024 സെപ്റ്റംബർ ആറിന് ഒരു മില്യൺ ഡോളർ ജാമ്യത്തിൽ മക്യൂണിനെ ജയിലിൽ നിന്ന് വിട്ടയച്ചിരുന്നു.
എന്നാൽ, മാർട്ടിനെസിന്റെ ബന്ധുക്കളുമായി ബന്ധപ്പെടുന്നതിൽ നിന്നും അവരിൽ നിന്ന് 200 യാർഡ് ദൂരെ പരിധി പാലിക്കമെന്ന് ഉൾപ്പെടെ കർശന നിയന്ത്രണങ്ങൾ കോടതി ഏർപ്പെടുത്തിയിരുന്നു.
എന്നാൽ, ജാമ്യത്തിലിറങ്ങി അഞ്ച് ദിവസത്തിന് ശേഷം മാർട്ടിനെസിന്റെയും രണ്ട് ബന്ധുക്കളുടെയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് മക്യൂൺ ജാമ്യ വ്യവസ്ഥ ലംഘിച്ചു. അമ്മാവനെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
തുടർന്ന് ജഡ്ജി മക്യൂണിന്റെ ജാമ്യത്തുക രണ്ട് മില്യൺ ഡോളറായി ഉയർത്തുകയും 2024 സെപ്റ്റംബർ 17ന് അദ്ദേഹം വീണ്ടും ജയിലിലാവുകയും ചെയ്തു. ഡിസംബർ പകുതിയോടെ തന്റെ കക്ഷി ജാമ്യത്തിലിറങ്ങിയതായി മക്യൂണിന്റെ അഭിഭാഷകനായ നോറിഗ പറഞ്ഞു.