ഫൊക്കാന ക്രിക്കറ്റ് ടൂർണമെന്റ് ന്യൂയോർക്കിൽ ജൂൺ 21ന്
ഷോളി കുമ്പിലുവേലി
Thursday, May 8, 2025 1:43 PM IST
ന്യൂയോർക്ക്: ഫൊക്കാനയുടെ സ്പോർട്സ് അക്കാദമി പദ്ധതിയുടെ ഭാഗമായി ന്യൂയോർക്ക് മെട്രോ റീജിയൺ സംഘടിപ്പിക്കുന്ന ചാരിറ്റി ബാഷ് ക്രിക്കറ്റ് ടൂർണമെന്റ് ജൂൺ 21ന് ക്വീൻസിലെ കണ്ണിംഗാം പാർക്കിൽ നടക്കും.
അമേരിക്കയിൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ക്രിക്കറ്റിന്, ക്രിക്കറ്റ് പ്രേമം രക്തത്തിലുള്ള ഇന്ത്യാക്കാർ വേദിയൊരുക്കുകയും അതിൽ നിന്നുള്ള തുക ചാരിറ്റിയ്ക്ക് ഉപയോഗിക്കുകയും ചെയ്യുന്ന പുതുമയാർന്ന കായികമേളയുടെ വിശദാംശങ്ങൾ ഫൊക്കാന നാഷണൽ - ന്യൂയോർക്ക് മെട്രോ റീജിയൺ ഭാരവാഹികൾ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ വിശദീകരിച്ചു.
ട്രൈസ്റ്റേറ്റ് മേഖലയിൽ നിന്നുള്ള എട്ടു ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ഇവയെല്ലാം ക്ലബുകളോ ടീമുകളോ ആയി രൂപം കൊടുത്തവയാണ്. കാലാവസ്ഥയനുസരിച്ച് ആറ് അല്ലെങ്കിൽ എട്ട് ഓവറുകളാണ് കളിക്കുക
മെട്രോ റീജിയൺ ആർവിപി ലാജി തോമസ് ഏവരെയും സ്വാഗതം ചെയ്തു. ഫൊക്കാന വിവിധ റീജിയണുകളിൽ സംഘടിപ്പിക്കുന്ന കായിക മേളകളുടെ തുടക്കമാണിതെന്ന് ദേശീയ പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി ചൂണ്ടിക്കാട്ടി. വിവിധ റീജിയണുകളിൽ വിജയിക്കുന്നവർക്കായി ദേശീയ തലത്തിൽ മത്സരം സംഘടിപ്പിക്കും.
എല്ലാ സ്പോർട്സ് ഇനങ്ങളും സാധ്യമാവില്ലെങ്കിലും ഏതാനും സ്പോർട്സ് ഇനങ്ങൾ ഉൾപ്പെടുത്തിയായിരിക്കും ഫൊക്കാന സ്പോർട്സ് അക്കാദമി രൂപീകരിക്കുക. ക്രിക്കറ്റ്, വോളിബോൾ, ബാസ്ക്കറ്റ് ബോൾ തുടങ്ങി വിവിധ സ്പോർട്സ് ഇനങ്ങളാണ് ഫൊക്കാന സ്പോർട്സ് അക്കാദമി ഏറ്റെടുക്കുക.
ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കും. ഫൊക്കാനയുടെ ജഴ്സി അണിഞ്ഞ ടീം തന്നെ ഭാവിയിൽ ഉണ്ടാകും. എല്ലാം ഒരിടത്തു കേന്ദ്രീകരിക്കാതെ വിവിധ സെന്ററുകളിൽ സ്പോർട്സ് ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. അതനുസരിച്ചു ഷിക്കാഗോയിലും ഫ്ലോറിഡയിലുമൊക്കെ ടൂർണമെന്റുകൾ നടത്തും.
അവസാനം ദേശീയ തലത്തിലും മത്സരം സംഘടിപ്പിക്കും. ചടങ്ങിൽ വച്ച് ഒന്നും രണ്ടും സമ്മാനങ്ങൾക്കുള്ള മനോഹരമായ ട്രോഫികളും പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി അനാവരണം ചെയ്തു. യുവതലമുറയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് സ്പോർട്സ് രംഗത്തെ ചുവടുവയ്പ്പെന്ന് ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ പറഞ്ഞു.
എല്ലാ റീജിയണുകളിലും ഇത്തരം പ്രവർത്തനം വ്യാപിപ്പിക്കും. മയക്കുമരുന്നിനും മറ്റും അടിമകളായി യുവതലമുറ വഴിതെറ്റുന്ന ഇക്കാലത്ത് സ്പോർട്സിനു വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രജിസ്ട്രേഷൻ ഫീ നാട്ടിലും ഇവിടെയുമായുള്ള ചാരിറ്റിക്ക് നൽകുമെന്ന് സ്പോർട്സ് കോർഡിനേറ്റർ ജിൻസ് ജോസഫ് പറഞ്ഞു. രാവിലെ എട്ട് മുതൽ വൈകുന്നേരം വരെയാണ് കളി. വൈകുന്നേരം ഗാല സമ്മേളനത്തിൽ ട്രോഫികൾ സമ്മാനിക്കും.
ക്വീൻസ്, ന്യൂജഴ്സി, റോക്ക് ലാൻഡ് കൗണ്ടി, ഫിലാഡൽഫിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ടീമുകൾ. ടീമംഗങ്ങൾക്ക് പ്രായപരിധി ഇല്ല. എട്ടു പേരാണ് ടീമിലെങ്കിലും 12 പേര് റോസ്റ്ററിലുണ്ടാകും. തട്ടിക്കൂട്ട് ടീമുകളല്ല, മറിച്ചു സംഘടിതമായ സംവിധാനവും ലോഗോയും ഉള്ളവയാണ് എല്ലാ ടീമുകളും.
ഒന്നാം സമ്മാനം ആയിരം ഡോളർ കുട്ടനാടൻ റസ്റ്റോറന്റ് സ്പോൺസർ ചെയ്യും. രണ്ടാം സമ്മാനം 500 ഡോളർ രാജ് ഓട്ടോ സമ്മാനിക്കും. ടൂർണമെന്റിന് സഹായമെത്തിക്കാൻ പലരും മുന്നോട്ടു വന്നിട്ടുണ്ട്. എങ്കിലും ഇനിയും കൂടുതൽ ജനപിന്തുണ ആവശ്യമുണ്ട്, സ്പോർട്സ് പ്രേമികളയായ എല്ലാവരുടെയും സഹകരണങ്ങൾ സംഘാടകർ അഭ്യർഥിക്കുന്നു.
മെഡിക്കൽ കാർഡ് മുതൽ പല നല്ല കാര്യങ്ങളും ഫൊക്കാന ചെയ്യുന്നുവെന്ന് സജിമോൻ ചൂണ്ടിക്കാട്ടി. തങ്ങൾ ചെയ്യുന്നതിൽ പലതിനെയും മറ്റുള്ളവർ അനുകരിക്കുന്നു. മലയാളികൾ നടത്തുന്ന ബിസിനസുകളാണ് നമ്മൾ നടത്തുന്ന പരിപാടികളെ കൂടുതലും സാമ്പത്തികമായി സഹായിക്കുന്നത്. അപ്പോൾ അവരെയും തിരിച്ചു സഹായിക്കാനുള്ള ബാധ്യതയും നമുക്കുണ്ട്.
ഇത്തരം പ്രവർത്തനങ്ങൾ ഫൊക്കാനയിൽ പുതുതായി വരുന്ന നേതൃത്വം തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. മെഡിക്കൽ കാർഡ് പോലെ നല്ല പരിപാടികൾ ഇടയ്ക്കു മുടങ്ങിയത് കാണുകയുണ്ടായി. അങ്ങനെ വരരുതെന്നാണ് ആഗ്രഹം. വൈകാതെ എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീയിൽ 10 ശതമാനം ഡിസ്കൗണ്ട് ലഭിക്കുന്ന കാർഡ് ലഭ്യമാക്കുമെന്നും സജിമോൻ പറഞ്ഞു.
പ്രീജ സണ്ണി ജോർജ്; പിഎസ്.ജി ഇൻഷുറൻസ്, സിറ്റാർ പാലസ് എന്നിവരാണ് ക്രിക്കറ്റ് ടൂർണമെന്റിന്റെ പ്ലാറ്റിനം സ്പോൺസേഴ്സ്. റോഷൻ തോമസ്, അഗാപ്പെ ട്രിനിറ്റി ഇൻഷുറൻസ്; ഫൊക്കാന നേതാവ് ലീല മാരേട്ട്, തോമസ് തോമസ് പാലത്ര -ഡെയ്സി ട്രോഫി, ജോജോ കൊട്ടാരക്കര; ഇവന്റ് ഗ്രാം യുഎസ്എ, നോഹ ജോർജ്; ഗ്ലോബൽ കൊളീഷൻ ആൻഡ് ബോഡി വർക്ക്സ്, മൈക്കൽ തരിയൻ ഇൻഷുറൻസ് ഏജൻസി എന്നിവരാണ് പ്രീമിയം സ്പോൺസേഴ്സ്.
വാർത്ത സമ്മേളനത്തിൽ ഫൊക്കാനയെ പ്രതിനിധീകരിച്ചു പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, മെട്രോ റീജിയൺ ആർവിപി ലാജി തോമസ്, റീജിയണൽ സെക്രട്ടറി ഡോൺ തോമസ്, റീജിയണൽ ട്രഷറർ മാത്യു തോമസ്, പിആർഒ ജോയൽ സ്കറിയാ, സ്പോർട്സ് കോഓർഡിനേറ്റർ ജിൻസ് ജോസഫ്, വിമൻസ് ഫോറം കോർഡിനേറ്റർ ഉഷ ജോർജ്, ഫൊക്കാന നേതാക്കളായ തോമസ് തോമസ്, ലീല മാരേട്ട് എന്നിവർ പങ്കെടുത്തു.
ഇന്ത്യ പ്രസ് ക്ലബ് ന്യൂയോർക്ക് ചാപ്റ്ററിൽ നിന്നും പ്രസിഡന്റ് ഷോളി കുമ്പിളുവേലി, ജോർജ് ജോസഫ്, സജി എബ്രഹാം, ചാപ്റ്റർ സെക്രട്ടറി ബിനു തോമസ്, ട്രഷറർ ജേക്കബ് മാനുവൽ, മാത്തുക്കുട്ടി ഈശോ എന്നിവരും പ്രസ് മീറ്റിൽ സംബന്ധിച്ചു.
ജോയൽ സ്കറിയ, ബാലഗോപാൽ നായർ, ജോപീസ് അലക്സ്, അമൽ ഞാളിയത്തു, റോജിസ് ഫിലിപ്പ്, മെജോ മാത്യു, ജെറി ജോർജ്, ഗോകുൽ രാജ്, ജോഷ് ജോസഫ്, മനു ജോർജ്, സാം തോമസ്, ജിജോ ജോസഫ്, ജോജി മാത്യു, ഷിബു ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ ടൂർണമെന്റിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.