അർജന്റീനയിലും ചിലിയിലും ശക്തമായ ഭൂചലനം; 7.4 തീവ്രത
Saturday, May 3, 2025 1:36 PM IST
സാന്റിയാഗോ: അർജന്റീനയിലും ചിലിയിലും ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. അർജന്റീനയിലെ ഉസ്വായയിൽനിന്ന് 219 കിലോമീറ്റർ തെക്കാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ഭൂചലനത്തെത്തുടർന്ന് ചിലിയിൽ സുനാമി മുന്നറിയിപ്പ് നൽകി. ഇന്നലെ പ്രാദേശിക സമയം പത്തോടെയാണു സംഭവം. ആളപായമുണ്ടായിട്ടില്ലെന്നാണു പ്രാഥമിക വിവരം. നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ല.
ചിലിയിലെ തീരമേഖലയായ മഗല്ലനീസിൽനിന്നു ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മഗല്ലനീസിൽനിന്നും സമീപപ്രദേശങ്ങളിൽനിന്നും മാറി താമസിക്കാൻ ജനങ്ങൾക്ക് ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് നിർദേശം നൽകി.
ഭൂചലനങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്ന രാജ്യങ്ങളിലൊന്നാണ് ചിലി. 1960ൽ തെക്കൻ നഗരമായ വാൽഡിവിയയിൽ 9.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ വൻ നാശനഷ്ടമാണുണ്ടായത്. 9,500 ആളുകളാണു മരിച്ചത്.
2010ൽ മധ്യ ചിലിയുടെ തീരത്ത് 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ഇത് സുനാമിക്ക് കാരണമായി. 520ലേറെ ആളുകളാണു മരിച്ചത്.