ഷുഗർലാൻഡ് സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പ് ഇന്ന്; മത്സരരംഗത്ത് മലയാളിയും
Saturday, May 3, 2025 4:23 PM IST
ഹൂസ്റ്റൺ: ടെക്സസിലെ സമ്പന്ന നഗരങ്ങളിലൊന്നായ ഷുഗർലാൻഡ് സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പ് ഇന്ന്. അറ്റ്ലാർജ് പൊസിഷൻ ഒന്നിലേക്ക് മലയാളിയായ ഡോ. ജോർജ് കാക്കനാട്ടാണ് മത്സരിക്കുന്നത്.
ആകെ 1,11,000ൽ പരം ജനസംഖ്യയുള്ള ഷുഗർലാൻഡിൽ 38 ശതമാനം പേരും ഏഷ്യക്കാരാണ്. വലിയ തോതിൽ മലയാളികൾ താമസിക്കുന്ന നഗരമാണിത്. റിപ്പബ്ലിക്കൻ പക്ഷത്തുള്ള നഗരമെങ്കിലും സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയ അടിസ്ഥാനത്തിൽ അല്ല നടക്കുന്നത്.
സാമ്പത്തിക അച്ചടക്കം പാലിക്കുക, ജീവിത നിലവാരം ഉയർത്തുക, പൊതുസുരക്ഷിതത്വം ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളുമായാണ് ഡോ. ജോർജ് പ്രചാരണ രംഗത്ത് സജീവമായിരിക്കുന്നത്.
യുഎസ് എയർഫോഴ്സ് ക്യാപ്റ്റനായ ഡോ. ജോർജ് കാക്കനാട്ട് ഇറാഖ് യുദ്ധം ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോമിലും പങ്കെടുത്തിട്ടുണ്ട്. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻ പ്രസിഡന്റാണ്. സാലിയാണ് ഭാര്യ. മൂന്ന് മക്കളാണുള്ളത്.
സൈനിക സേവനത്തിന് മുൻപ് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയ ഡോ.ജോർജ് ബർണി റോഡ് മുനിസിപ്പൽ യൂട്ടിലിറ്റീസ് ബോർഡ് ഓഫ് ഡയറക്റ്റർ, ഗ്ലെൻ ലോറൽ ഹോം ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബിസിനസ് സംരംഭകൻ കൂടിയായ ഡോ.ജോർജ് ഫോർട്ട് ബെൻഡ് ചേംബർ ഓഫ് കൊമേഴ്സ് അംഗമാണ്. ഷുഗർ ലാൻഡ് റോട്ടറി, ഷുഗർ ലാൻഡ് ലയൺസ് ക്ലബ്, സെന്റ് തെരേസാസ് കാത്തലിക് ചർച്ചിലെ നൈറ്റ്സ് ഓഫ് കൊളംബസ് എന്നിവയിലും അംഗമാണ്.
മുൻ സൈനികൻ എന്ന നിലയിൽ ഷുഗർ ലാൻഡ് അമേരിക്കൻ ലീജിയൻ പോസ്റ്റ് 942ൽ അംഗവും ആണ് അദ്ദേഹം.