ലൂക്ക പ്രഥമ ദേശീയ ടൂണമെന്റ് മത്സരങ്ങള്‍ ചരിത്ര സംഭവമായി
മൊയ്തീന് പുത്തന്‍ചിറ
Wednesday, May 7, 2025 1:17 PM IST
ഡാളസ്: ടെക്സസിലെ ഡാളസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ലീഗ് ഓഫ് യുണൈറ്റഡ് കേരള അത്ലറ്റ്സ്(ലൂക്ക) എന്ന സംഘടനയുടെ ചരിത്രത്തിലെ പ്രഥമ ദേശീയ ടൂർണമെന്റ് മത്സരങ്ങള്‍ അമേരിക്കയിലെ മലയാളികൾ കായികരംഗത്ത് ഒന്നിച്ചു കൂടിയ ശ്രദ്ധേയമായ നവ്യാനുഭവമായി മാറി.
2025 ഏപ്രിൽ 26നും 27നുമായി ടെക്സാസിലെ ഡാളസില്‍ വച്ച് നടന്ന ഈ ടൂർണമെന്റ്, പിക്കിൾബോൾ, വോളിബോൾ തുടങ്ങിയ വിവിധ മത്സരങ്ങളിലൂടെ അമേരിക്കൻ മലയാളി സമൂഹത്തിൽ ആവേശപൂർവമായ ഒരു കായിക മത്സര വേദിയായി മാറി.
മത്സരം മാത്രമല്ല, സൗഹൃദം, ഐക്യം, പങ്കാളിത്തം എന്നിവയുടെ ഉത്സവമായി രണ്ടു ദിവസങ്ങൾ മലയാളികൾ കൊണ്ടാടി. കൂടാതെ, അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ മത്സരാർഥികൾക്കായി സൗജന്യ താമസ സൗകര്യങ്ങൾ, ഭക്ഷണം, വിമാനത്താവളത്തിൽ നിന്നുള്ള പിക്കപ്പ്-ഡ്രോപ്പ് ഓഫ് എന്നിവ ഉൾപ്പെടുത്തി സംഘാടകരായ ലൂക്ക ഒരുക്കിയ ചിട്ടയും കൃത്യതയുമാർന്ന ക്രമീകരണങ്ങളും, വേദിയും പങ്കെടുത്തവരെയെല്ലാം അമ്പരപ്പിച്ചു.
ഈ ടൂർണമെന്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത് എംഎൽഎയും കായിക പ്രേമിയുമായ പി.കെ. ബഷീർ ആയിരുന്നു. ചടങ്ങിൽ കെഎംസിസി വേൾഡ് ട്രഷറർ യു.എ.നസീർ (ന്യൂയോർക്ക്) മുഖ്യാതിഥിയായും "നന്മ' തുടങ്ങിയ സംഘടനാ ഭാരവാഹികളും കായികപ്രേമികളും മാധ്യമ പ്രവർത്തകരും മറ്റു മലയാളി പ്രഫഷണലുകളും പങ്കെടുത്തു.
നന്മ ഭാരവാഹികളായ റഷീദും കമാലും ആശംസാ പ്രസംഗം നടത്തി. ഉത്സവഛായ കലർന്ന ഉദ്ഘാടന ചടങ്ങിൽ ലൂക്കയുടെ ഔദ്യോഗിക ലോഗോ പ്രകാശനം, വെബ്സൈറ്റ് (www.lukausa.org), സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവ യു.എ. നസീർ പ്രകാശനം ചെയ്തു.

Rockwall Oasis Pickleball Club-ആയിരുന്നു പിക്കിൾബോൾ മത്സരങ്ങളുടെ വേദി. അഡ്വാൻസ്ഡ് ഡബിൾസ് വിഭാഗത്തിൽ ഡാളസിന്റെ ശരീഫും കാലിഫോർണിയയുടെ ഫിറോസും ചേർന്ന് ‘ഫ്ലോറിഡയിലെ ചുണക്കുട്ടികൾ’ എന്നറിയപ്പെടുന്ന ഷാൻ സാബിർ കൂട്ടുകെട്ടിനെ കീഴടക്കി വിജയകിരീടം സ്വന്തമാക്കി.
ഇന്റർമീഡിയറ്റ് വിഭാഗത്തിൽ, റോളറ്റിൽ നിന്നുള്ള അൻവർ-റാഷിദ് കൂട്ടുകെട്ടിന്നെതിരെ തന്ത്രപൂർവം കളിച്ച ഡാളസിന്റെ അൻസാരി-നഹീദ് ടീമാണ് വിജയം വരിച്ചത്. വോളിബോൾ മത്സരങ്ങളിൽ അന്താരാഷ്ട്ര പരിശീലന പരിചയമുള്ള കോച്ച് മമ്മുവിന്റെ നേതൃത്വത്തിലുള്ള ടീം റൗലറ്റ് മാഫിയ മികച്ച പ്രകടനം കാഴ്ചവെച്ച് കിരീടം സ്വന്തമാക്കി.
ഡാളസ് വാരിയേഴ്സ് രണ്ടാം സ്ഥാനവും ലൂക്കാസ് ഇല്ലൂമിനാലിറ്റി മൂന്നാം സ്ഥാനവുമാണ് വാശിയേറിയ മത്സരങ്ങളിൽ കരസ്ഥമാക്കിയത്. ഇത് ഒരു ചരിത്രവിജയമാണ്. വരാനിരിക്കുന്ന എല്ലാ ടൂർണമെന്റുകളിലും ഞങ്ങൾ പങ്കെടുക്കും എന്ന് ടീം റൗലറ്റിന്റെ കോച്ച് മമ്മു അഭിമാനത്തോടെ പ്രഖ്യാപിച്ചു.

വിദൂര സ്ഥലങ്ങളിലിരുന്നു സോഷ്യൽ മീഡിയയിലൂടെ മാത്രം സൗഹൃദം പങ്കുവച്ചിരുന്ന സുഹൃത്തുക്കൾക്ക് നേരിൽ തന്നെ സ്നേഹത്തോടെയും സന്തോഷത്തോടെയും കൊമ്പു കോർക്കാൻ അവസരമൊരുക്കിയ ലൂക്കയുടെ ഈ സംരംഭം തുടർന്നും കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ച് മലയാളി കായിക ഐക്യത്തിന് വഴിയൊരുക്കുന്നതിന്റെ തുടക്കം മാത്രമാണെന്ന് ലൂക്ക പ്രസിഡന്റ് നജീബ് ഡാളസ് പറഞ്ഞു.
ഡാളസ് മലയാളികളുടെ താല്പര്യവും പങ്കാളിത്തവുമാണ് ഈ വിജയത്തിന്റെ അടിസ്ഥാനം. അടുത്ത സെപ്റ്റംബറിൽ ദേശീയതല ബാഡ്മിന്റൺ ടൂർണമെന്റിനൊരുങ്ങുകയാണ്. തുടർന്ന് എല്ലാ സംസ്ഥാനങ്ങളിലെയും മലയാളികളെ ഉൾപ്പെടുത്തി ‘നാഷണൽ മലയാളി സ്പോർട്ട്സ് ഡേ’ സംഘടിപ്പിക്കാനാണ് പദ്ധതിയിടുന്നതെന്ന് നജീബ് അറിയിച്ചു.
വർഷത്തിൽ ഒരിക്കൽ, വിവിധ പ്രായക്കാരുടെ ഗ്രൂപ്പുകളിലായി പിക്കിൾബോൾ, വോളിബോൾ, ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ എന്നിവ ഉൾപ്പെടുത്തി ദേശീയതല ടൂർണമെന്റുകൾ സംഘടിപ്പിക്കുക എന്നതാണ് ലൂക്കയുടെ ദീർഘകാല ലക്ഷ്യം.
വലിയ ചിലവുകൾ ഇല്ലാതെ പ്രായഭേദമന്യെ ആർക്കും എളുപ്പത്തിൽ സ്വായത്തമാക്കാനും , ആരോഗ്യവും ഉന്മേഷവും സൗഹൃദവും നിലനിർത്താനും ഉതകുന്ന പിക്കിൾബാൾ നമ്മുടെ നാട്ടിലും എളുപ്പത്തിൽ പ്രചാരണം കൊടുക്കാനും അത് വഴി സോഷ്യൽ മീഡിയുടെ അപകടകരമായ അതിപ്രസരവും മറ്റു ദുഷിച്ച ശീലങ്ങളിലേക്കുളള ആകർഷണങ്ങളും ഒഴിവാക്കാൻ കഴിയും എന്ന് ലൂക്ക ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.
ലൂക്കയുടെ 2025-2026 കാലയളവിലേക്കുള്ള ബോർഡ് അംഗങ്ങളായി, നജീബ് (പ്രസിഡന്റ്), ഹാരിസ്(സെക്രട്ടറി), അബു (ജോയിന്റ് സെക്രട്ടറി), ബഷീർ (ട്രഷറര്‍), മുഹമ്മദ് പരോൾ (ജോയിന്റ് ട്രഷറര്‍), നജാഫ് (മാർക്കറ്റിംഗ് ഹെഡ്), ഷമീർ (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് ഹെഡ്), സംജാദ് (പ്രോഗ്രാം കോഓർഡിനേറ്റർ), രാജ റഷീദ് (പ്രോഗ്രാം അഡ്മിനിസ്ട്രേറ്റര്‍) എന്നിവര്‍ ചുമതലകള്‍ ഏറ്റെടുത്തു.
ഈ ടൂർണമെന്റിന്റെ വിജയത്തിനൊപ്പം അകമഴിഞ്ഞ പിന്തുണയും സംഭാവനയും നൽകിയ പ്രധാന സ്പോൺസർമാരും വൊളണ്ടിയര്‍മാരും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.

ടൈറ്റിൽ സ്പോൺസറായി സഗീറിന്റെ പേവിന്റ്, ഗോൾഡ് സ്പോൺസറായി സലിമിന്റെ പാം ഇന്ത്യ, പ്ലാറ്റിനം സ്പോൺസർമാരായ റോക്സിന്റെ സിറോക്കോയുംഅൻസാരിയുടെ അൽഹംറയും സമ്മാന സ്പോൺസറായി അനൂപിന്റെ നെക്സസ്, സിൽവർ സ്പോൺസറായി അബിന്റെ എംഐഎച്ച് റിയല്‍റ്റേഴ്സ് തുടങ്ങിയവരാണ് ലൂക്കയുടെ വിജയത്തിലേക്ക് കൈ കോർത്തത്.
മലയാളി കായിക കൂട്ടായ്മയുടെ ഭാഗമാകാൻ എല്ലാവർക്കും അവസരമുണ്ട്. നിങ്ങളുടെ ടീമുകളുമായി ആത്മാർഥതയോടെയും സഹവർത്തിത്വത്തോടെയും നിങ്ങൾക്കും ഈ കായിക വേദിയിലേക്കു ചുവടു വയ്ക്കാം.
ടൂർണമെന്റുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക്: നജീബ് (213) 550-9252, ഇ-മെയില്‍ [email protected]. വെബ്: www.lukausa.org.