കാമുകിയെ കൊലപ്പെടുത്തിയ കേസ്; എൻഎഫ്എൽ മുൻ താരം അറസ്റ്റിൽ
പി.പി. ചെറിയാൻ
Friday, May 9, 2025 2:52 PM IST
ടെക്സസ്: കാമുകിയെ കൊലപ്പെടുത്തിയ കേസിൽ എൻഎഫ്എൽ മുൻ താരം കെവിൻ വെയർ ജൂണിയറിന്(41) 30 വർഷം തടവ് ശിക്ഷ. 2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി കേസിൽ കുറ്റസമ്മതം നടത്തിയതിനെ തുടർന്നാണ് കോടതി വിധി പ്രഖ്യാപിച്ചത്.
2003ൽ വാഷിംഗ്ടൺ റെഡ്സ്കിൻസിനും 2004ൽ സാൻഫ്രാൻസിസ്കോ 49ഇആർഎസിനും വേണ്ടി രണ്ട് വർഷം മാത്രമാണ് വെയർ എൻഎഫ്എല്ലിൽ കളിച്ചത്. 2005ൽ ഓക്ലൻഡ് റായ്ഡേഴ്സിന്റെ പ്രീ-സീസൺ ടീമിന്റെ ഭാഗമായിരുന്നുവെങ്കിലും ഔദ്യോഗിക മത്സരങ്ങൾ കളിച്ചില്ല.
2021 ജൂലൈയിൽ കാമുകി ടെയ്ലർ പൊമാസ്കിയുടെ(29) തിരോധാനവുമായി ബന്ധപ്പെട്ട് വെയറിനെതിരേ കേസ് എടുത്തിയിരുന്നു. 2021 ഏപ്രിലിലാണ് പൊമാസ്കിയെ കാണാതായത്. ദുരൂഹ സാഹചര്യത്തിലാണ് ഇവരെ കാണാതായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അന്ന് വ്യക്തമാക്കിയിരുന്നു.
2021 ഡിസംബറിലാണ് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങൾ പൊമാസ്കിയുടേതാണെന്ന് സ്ഥിരീകരിച്ചത്. പൊമാസ്കിയെ കാണാതായ വിവരം അറിയുന്നതിന് ദിവസങ്ങൾക്ക് മുൻപ് ടെക്സസിലെ ഹാരിസ് കൗണ്ടിയിൽ വച്ച് ലഹരിമരുന്ന്, ആയുധ ഇടപാടുകളുമായി ബന്ധപ്പെട്ട് വെയർ അറസ്റ്റിലായിരുന്നു.
ഈ കേസിൽ ജാമ്യത്തിലിറങ്ങിയ വെയർ, പിന്നീട് ജൂണിൽ കോടതിയിൽ ഹാജരാകാതിരുന്നതിനും പ്രൊബേഷൻ ഓഫീസറുടെ അടുത്ത് റിപ്പോർട്ട് ചെയ്യാതിരുന്നതിനെ തുടർന്ന് വീണ്ടും അറസ്റ്റിലായി.
പൊമാസ്കിയെ വെയർ കത്തികൊണ്ട് മുറിവേൽപ്പിച്ചു. പിന്നീട് മൂർച്ചയില്ലാത്ത വസ്തു ഉപയോഗിച്ച് അടിച്ച ശേഷം ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം കത്തിച്ചതായിട്ടാണ് കോടതി കണ്ടെത്തിയിക്കുന്നത്.