കലിഫോർണിയയിൽ ചെറുവിമാനം തകർന്ന് വീണു; രണ്ടു മരണം
പി.പി. ചെറിയാൻ
Wednesday, May 7, 2025 7:49 AM IST
കലിഫോർണിയ: സിമി വാലിയിലുണ്ടായ വിമാനാപകടത്തിൽ രണ്ടു പേരും ഒരു നായയും കൊല്ലപ്പെട്ടു. വിമാനം തകർന്നു വീണുവെങ്കിലും നിലത്ത് ആർക്കും പരിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് സിമി വാലിയിലെ ഒരു ജനവാസ മേഖലയിലേക്ക് ചെറുവിമാനം തകർന്നു വീണത്. ലങ്കാസ്റ്ററിലെ വില്യം ജെ. ഫോക്സ് എയർഫീൽഡിൽ നിന്ന് പുറപ്പെട്ട വിമാനം കാമറില്ലോ വിമാനത്താവളത്തിലേക്ക് പോകുമ്പോൾ സിമി വാലിയിൽ തകർന്നുവീണതായി എഫ്എഎ അറിയിച്ചു.
പൈലറ്റ് മാത്രമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് ആദ്യം വന്ന റിപ്പോർട്ട്. ശനിയാഴ്ച വൈകുന്നേരം വിമാനത്തിലുണ്ടായിരുന്ന ഒരു നായയും രണ്ട് പേരും മരിച്ചതായി പോലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ചു എഫ്എഎയും നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷിക്കും. എൻടിഎസ്ബി അന്വേഷണത്തിന് നേതൃത്വം നൽകുകയും ചെയ്യും.