ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് എക്യൂമെനിക്കൽ ഫെഡറേഷൻ
ഷാജി തോമസ് ജേക്കബ്
Sunday, May 4, 2025 10:55 PM IST
ന്യൂയോർക്ക്: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിൽ ന്യൂയോർക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ അനുശോചിച്ചു.
സിഎസ്ഐ ജൂബിലി മെമ്മോറിയൽ ദേവാലയത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് റവ. സാം എൻ. ജോഷ്വാ അനുശോചന പ്രമേയം അവതരിപ്പിച്ചു. യോഗത്തിന് ശേഷം പ്രസിഡൻറ് റവ. സാം എൻ ജോഷ്വായുടെ നേതൃത്വത്തിൽ പ്രതിനിധി സംഘം മലങ്കര കത്തോലിക്കാ അമേരിക്കകാനഡ രൂപതയുടെ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് മെത്രാപ്പൊലീത്തയെ സന്ദർശിക്കുകയും ഫെഡറേഷന്റെ അനുശോചന പ്രമേയം കൈമാറുകയും ചെയ്തു.
നിയുക്ത വൈസ് പ്രസിഡന്റ് അനിൽ തോമസ് അനുശോചന പ്രസംഗം നടത്തി. മുൻ വൈസ് പ്രസിഡന്റ് റോയ് സി. തോമസ് പോപ്പിന്റെ ഛായാ ചിത്രത്തിനു മുന്നിൽ പുഷ്പങ്ങൾ അർപ്പിച്ചു. കത്തീഡ്രൽ ദേവാലയത്തിൽ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട പ്രാർഥനയിലും പങ്കെടുത്തു.
ജോബി ജോർജ്, മനോജ് മത്തായി, ജോർജ് തോമസ്, ജോസഫ് വി. തോമസ്, തോമസ് ജേക്കബ്, കളത്തിൽ വർഗീസ്, ജയ് കെ. പോൾ, സജി തോമസ്, അച്ചാമ്മ മാത്യു എന്നിവരടങ്ങിയ പ്രതിനിധി സംഘത്തെ ബിഷപ്പ് സെക്രട്ടറി ഫാ. നോബി അയ്യനേത്ത് സ്വീകരിച്ചു.