ടെക്സസിൽ അഞ്ചാംപനി പടരുന്നു; ഇതുവരെ പനി ബാധിച്ചത് 683 പേർക്ക്
പി.പി. ചെറിയാൻ
Wednesday, May 7, 2025 6:26 AM IST
ടെക്സസ്: ടെക്സസിൽ അഞ്ചാം പനി ബാധിതരുടെ എണ്ണം ഉയരുന്നു. അപ്ഷർ, ഈസ്റ്റ്ലാൻഡ്, ഹാർഡെമാൻ എന്നീ മൂന്ന് കൗണ്ടികളിൽ കൂടി വെള്ളിയാഴ്ച അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ടെക്സസിലെ 29 കൗണ്ടികളിലായി ഇതുവരെ റിപ്പോർട്ട് ചെയ്ത പനിബാധിതരുടെ എണ്ണം 683 ആയി വർധിച്ചു.
89 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ഹെൽത്ത് സർവീസസ് ആണ് പുതിയ കണക്കുകൾ പുറത്തിറക്കിയത്. ജനുവരി 23ന് ഗെയിൻസ് കൗണ്ടിയിലാണ് ആദ്യത്തെ അഞ്ചാം പനി കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെ രണ്ട് സ്കൂൾ കുട്ടികളാണ് പനി ബാധിച്ച് മരിച്ചത്.
എൽ പാസോ കൗണ്ടിയിലാണ് പനി ബാധിതർ ഏറെയും. അപ്ഷൂരിൽ അഞ്ച് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.ഏപ്രിൽ പകുതിയോടെ പൊതുജന ബോധവൽക്കരണ ക്യാംപെയ്ൻ, പരിശോധന, വാക്സീനേഷൻ ക്ലിനിക്കുകൾ എന്നിവ ഉൾപ്പെടെ പകർച്ചവ്യാധിയെ നേരിടാൻ സംസ്ഥാന ആരോഗ്യ ഏജൻസിയ്ക്ക് 4.5 മില്യൻ ഡോളർ ചെലവായി.
അഞ്ചാംപനിയെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം മീസിൽസ്മംപ്സ്റുബെല്ല വാക്സീൻ രണ്ട് ഡോസുകൾ സ്വീകരിക്കുക എന്നതാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. ഇതിന് പാർശ്വഫലങ്ങൾ വിരളമാണ്.