ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വാർഷിക ഉത്സവവും പ്രതിഷ്ഠാ ദിനാഘോഷങ്ങളും
ശങ്കരൻകുട്ടി ഹൂസ്റ്റൺ
Friday, May 9, 2025 8:02 AM IST
ഹൂസ്റ്റൺ: ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വാർഷിക ഉത്സവവും പ്രതിഷ്ഠാ ദിനാഘോഷങ്ങളും പുരോഗമിക്കുന്നു. മേയ് ഒന്നിന് ആരംഭിച്ച വാർഷിക ഉത്സവവും പ്രതിഷ്ഠാ ദിനാഘോഷങ്ങളും പത്ത് വരെ ഉണ്ടാവും. നടിയും ഗായികയുമായ അപർണ ബാലമുരളിയാണ് ഉത്സവം ഉദ്ഘാടനം ചെയ്തത്.
ഉത്സവത്തോടനുബന്ധിച്ച് ദിവസവും ആചാരപരമായ പൂജകളും വിവിധ സാംസ്കാരിക പരിപാടികളും പ്രസാദ ഊട്ടും നടക്കുന്നുണ്ട്. ഉത്സവത്തിനായി പ്രത്യേകം സജ്ജീകരിച്ച അക്ഷയ കഫെയിൽ പരമ്പരാഗത വിഭവങ്ങൾ ലഭ്യമാണ്.
ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. ക്ഷേത്ര ചടങ്ങുകളിൽ സൂരജ് നമ്പൂതിരിയും ദേവദാസ് നമ്പൂതിരിയുമാണ് മുഖ്യ കാർമികത്വം വഹിക്കുന്നത്. മേയ് മൂന്നിന് നടന്ന പായസമേള ഉത്സവത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി.
52 പേർ പങ്കെടുത്ത പായസമേളയിൽ വിവിധതരം പായസങ്ങൾ പ്രദർശിപ്പിച്ചു. ദിവ്യ ഉണ്ണി, സുനന്ദ നായർ, ശ്രീദവി തുടങ്ങിയ നൃത്ത അധ്യാപകരുടെ കീഴിലുള്ള വിദ്യാർഥികളുടെ നൃത്ത പ്രകടനങ്ങളും ക്ഷേത്ര വേദിയിൽ അരങ്ങേറുന്നു.
ഉത്സവത്തിലെ പ്രധാന ദിവസങ്ങൾ: മേയ് ഒന്പത് പള്ളിവേട്ട. മേയ് 10 ആറാട്ടും ആറാട്ടു സദ്യയും. വൈകുന്നേരം കലൈമാമണി ഉണ്ണി മേനോനും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നോടെ ആഘോഷങ്ങൾ സമാപിക്കും.
ഉത്സവ നടത്തിപ്പിന് അജിത് നായർ, സുബിൻ ബാലകൃഷ്ണൻ, രാം ദാസ്, സുരേഷ് നായർ, വിനോദ് നായർ തുടങ്ങിയവർ നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രവുമായി ബന്ധപ്പെടാം.