ഡൽഹിയിലെ "ലേഡി ഡോൺ'ഒരു കോടിയുടെ മയക്കുമരുന്നുമായി പിടിയിൽ
Saturday, February 22, 2025 12:35 PM IST
ന്യൂഡൽഹി: പോലീസിനെ വലച്ചുകൊണ്ടിരുന്ന രാജ്യതലസ്ഥാനത്തെ കുപ്രസിദ്ധ "ലേഡി ഡോൺ' മയക്കുമരുന്നു കേസിൽ പിടിയിൽ. ഗുണ്ടാനേതാവ് ഹാഷിം ബാബയുടെ ഭാര്യ സോയാ ഖാനാണ് അറസ്റ്റിലായത്.
അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന 270 ഗ്രാം ഹെറോയിനുമായാണ് സോയ പിടിയിലാകുന്നത്. ഉത്തര്‍പ്രദേശിലെ മുസാഫര്നഗറില്നിന്നു വിൽപ്പനയ്ക്കായി എത്തിച്ചതായിരുന്നു ഹെറോയിൻ.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിൽവച്ചാണ് സോയ പിടിയിലാകുന്നത്. 33കാരിയായ സോയ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഹാഷിം ബാബ ജയിലിലായതിനെത്തുടർന്ന് ഗുണ്ടാസാമ്രാജ്യത്തിനു നേതൃത്വം നൽകിയിരുന്നത് സോയയാണ്.
കൊലപാതകം, പിടിച്ചുപറി, ആയുധക്കടത്ത് തുടങ്ങി നിരവധി കേസുകളാണ് ഹാഷിമിനെതിരേയുള്ളത്. സോയ ഇയാളുടെ രണ്ടാം ഭാര്യയാണ്.