ടെസ്ല ഇന്ത്യൻ വിപണിയിലേക്ക്: വിമർശനവുമായി ട്രംപ്
Saturday, February 22, 2025 12:02 PM IST
വാഷിംഗ്ടൺ: യുഎസ് ഇലക്ട്രിക് കാർ കമ്പനിയായ ടെസ്ല ഇന്ത്യയിൽ ഫാക്ടറി തുടങ്ങുന്നതിനെതിരേ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തീരുവകളെപ്പറ്റി പറഞ്ഞുവന്നപ്പോഴാണ് ഇന്ത്യയിലെ ഇറക്കുമതി തീരുവകളിലേക്കു ട്രംപ് കടന്നത്.
വിവിധ രാജ്യങ്ങളുടെ തീരുവനയത്തെക്കുറിച്ചു പറയാനാണ് ഇന്ത്യയെ ഉദാഹരണമായെടുത്തത്. ലോകത്തുള്ള എല്ലാ രാജ്യങ്ങളും അമേരിക്കയെ മുതലെടുക്കുകയാണ്. ഉദാഹരണം പറഞ്ഞാൽ, ഇന്ത്യയിൽ കാർ വിൽക്കുകയെന്നത് അസാധ്യമാണ്. മസ്ക് ഇന്ത്യയിൽ ഫാക്ടറി പണിതാൽ കുഴപ്പമില്ല, പക്ഷേ അത് അമേരിക്കക്കാരോടുള്ള അനീതിയാണ് എന്ന് ട്രംപ് ചൂണ്ടിക്കാട്ടി.
50 കോടി ഡോളറെങ്കിലും നിക്ഷേപമിറക്കി ഇന്ത്യയിൽ ഫാക്ടറി തുടങ്ങിയാൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഇറക്കുമതി തീരുവ 15 ശതമാനമായി കുറയ്ക്കുമെന്ന് ഇന്ത്യ നയം പുതുക്കിയിരുന്നു.
ബിസിനസ് ഓപ്പറേഷൻസ് അനലിസ്റ്റ്, കസ്റ്റമർ സപ്പോർട്ട് സ്പെഷലിസ്റ്റ് എന്നിങ്ങനെ മുംബൈയിലെ ഒഴിവുകളിൽ ഏതാനും ദിവസം മുൻപ് ടെസ്ല ഇന്ത്യൻ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. ടെസ്ലയുടെ ഫാക്ടറി വരാൻ പോകുന്നതിന്റെ ഭാഗമാണിതെന്നാണു സൂചന.