ഫോമ ജനറൽ സെക്രട്ടറി സ്ഥാനാർഥിയായി മത്സരിക്കുന്ന അനു സ്കറിയക്ക് മാപ്പ് പിന്തുണ പ്രഖ്യാപിച്ചു
റോജീഷ് സാം സാമുവൽ
Friday, February 21, 2025 5:30 AM IST
ഫിലഡൽഫിയ: ഫോമ ജനറൽ സെക്രട്ടറി സ്ഥാനാർഥിയായി മത്സരിക്കുന്ന അനു സ്കറിയക്ക് മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയ (മാപ്പ്) പിന്തുണ പ്രഖ്യാപിച്ചു. മാപ്പ് ഐസിസി ബിൽഡിംഗിൽ ചേർന്ന യോഗത്തിലാണ് പിന്തുണ പ്രഖ്യാപിച്ചത്.
യോഗത്തിൽ മാപ്പ് പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കർ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ലിജോ ജോർജ്, ട്രഷറർ ജോസഫ് കുരുവിള, വൈസ് പ്രസിഡന്റ് കൊച്ചുമോൻ വയലത്ത്, സെക്രട്ടറി എൽദോ വർഗീസ്, അക്കൗണ്ടന്റ് ജയിംസ് പീറ്റർ, ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങൾ, ഫോമാ വൈസ് പ്രസിഡന്റ് ശാലു പുന്നൂസ്, ഫോമാ ജുഡീഷ്യൽ സെക്രട്ടറി ബിനു ജോസഫ്, മാപ്പ് മുൻ പ്രസിഡന്റ് ശ്രീജിത്ത് കോമത്ത്, തോമസ് ചാണ്ടി, മറ്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
അനു സ്കറിയ ഫോമയിൽ ജനറൽ സെക്രട്ടറി ആയാൽ അത് ഫോമയ്ക്കും, മാപ്പിനും ഒരു വലിയ നേട്ടമായിരിക്കുമെന്നും പ്രസ്ഥാനത്തെ ഒറ്റക്കെട്ടായി ശക്തമായി മുന്നോട്ട് പോകുന്ന ഒരു പുതിയ കാലഘട്ടത്തിന് അദ്ദേഹം പങ്കാളിത്തം നൽകും എന്ന കാര്യത്തിൽ സംശയമില്ലെന്നും ഫോമയ്ക്കും മാപ്പിനും ഇത് അഭിമാനകരമായൊരു കാലഘട്ടമായിരിക്കും എന്ന് മാപ്പ് പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കർ പറഞ്ഞു.