യുഎസിലെ ശിക്ഷ ഇളവിൽ സ്ത്രീ തടവുകാർ കുറവ്
ഏബ്രഹാം തോമസ്
Wednesday, February 19, 2025 4:37 PM IST
വാഷിംഗ്ടൺ: കഴിഞ്ഞ നാലു വർഷത്തെ കണക്ക് പ്രകാരം യുഎസിലെ ജയിലുകളിൽ നിന്നും ധാരാളം തടവുകാർ പ്രസിഡന്റിന്റെ ശിക്ഷ ഇളവ് കാരണം പുറത്തിറങ്ങി. എന്നാൽ ഇതിൽ സ്ത്രീകൾ കുറവായിരുന്നതായി കണക്കുകൾ പറയുന്നു.
2018ലെ ഫസ്റ്റ് സ്റ്റെപ് ആക്ട് പ്രകാരം പലരുടെയും ശിക്ഷ ഇളവ് ചെയ്തിരുന്നു. 2020 -2022 വർഷങ്ങളിൽ 9.6 ശതമാനം പേർ മാത്രമാണ് ജയിൽ മോചിതരായത്. കോവിഡ് കാലത്ത് കൂടുതൽ തടവുകാർ മോചനത്തിന് ശ്രമിച്ചിരുന്നുവെങ്കിലും കണക്കുകൾ മറ്റൊരു കഥയാണ് പറയുന്നത്.
പ്രായാധിക്യവും രോഗാവസ്ഥയും പല തടവുകാരും മോചനത്തിനുള്ള അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്ത്രീകളിൽ കൂടുതൽ പേർ മെത്(മേത്തഫിറ്റമിൻ) വിറ്റ കേസിലാണ് അറസ്റ്റിലായത്. പ്രസിഡന്റ് ജോ ബൈഡൻ മാപ്പ് നൽകിയവരിൽ ഏകദേശം 2,500 പേർ ഒരാഴ്ചക്കുള്ളിൽ പുറത്തിറങ്ങും. എന്നാൽ ഇവരുടെ പട്ടികയിലും സ്ത്രീകൾ കുറവാണ്.
ബൈഡന്റെ ഭരണത്തിൽ ഏറ്റവും അധികം തടവുകാർക്ക് മാപ്പ് നൽകിയിട്ടുണ്ട് (4245 പേർക്ക്). ശിക്ഷ ഇളവ് ചെയ്തത് 4165 പേർക്കും. ബൈഡന് ലഭിച്ച മാപ്പ് അപേക്ഷകൾ 14,800 ആയിരുന്നു.