ടൈം മാഗസിൻ പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യക്കാരി
Saturday, February 22, 2025 10:53 AM IST
ന്യൂയോർക്ക്: ടൈം മാഗസിന്റെ വുമൺ ഓഫ് ദ ഇയർ പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യക്കാരി. ബയോളജിസ്റ്റും പരിസ്ഥിതി സംരക്ഷകയുമായ ഡോ. പൂർണിമാദേവി ബർമനാണു വുമൺ ഓഫ് ദ ഇയർ പട്ടികയിൽ ഇടംനേടിയത്.
തുല്യതയുള്ള ലോകത്തിനായി പ്രവര്‍ത്തിക്കുന്ന അസാധാരണ നേതാക്കളുടെ പട്ടികയിലാണ് ആസാം സ്വദേശിയായ പൂർണിമ ഉൾപ്പെട്ടത്. ഈ വർഷത്തെ ടൈം മാഗസിന്റെ വുമൺ ഓഫ് ദ ഇയർ പട്ടികയിൽ ഇടംനേടിയ ഏക ഇന്ത്യക്കാരിയാണ് പൂർണിമ.
വംശനാശ ഭീഷണി നേരിടുന്ന കൊക്ക് ഇനത്തില്‍പ്പെട്ട വലിയ വയല്നായ്ക്കന് (ഗ്രേറ്റർ അഡ്ജൂട്ടന്റ് സ്റ്റോർക്ക്) പക്ഷികളുടെ സംരക്ഷണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് 45കാരിയായ പൂര്‍ണിമയെ പട്ടികയിലേക്ക് എത്തിച്ചത്.
ലൈംഗിക അതിക്രമങ്ങൾക്കെതിരായ പ്രചാരണങ്ങളുടെ ആഗോള മുഖമായ ഗിസലെ പെലിക്കോട്ട്, നടി നിക്കോൾ കിഡ്മാൻ എന്നിവരും 13 അംഗ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.
കൊറ്റികളിലെ ഏറ്റവും വലിയ ഇനമായ വയൽനായ്ക്കൻ വിഭാഗത്തെ വംശനാശത്തിൽനിന്ന് സംരക്ഷിക്കാൻ ‘ഹർഗില ആർമി’ എന്നപേരിൽ സ്ത്രീകളുടെ പരിസ്ഥിതി സംരക്ഷണപ്രസ്ഥാനം ആരംഭിച്ചത് പൂർണിമയാണ്. ഇന്ന് ഈ പ്രസ്ഥാനത്തിൽ 10,000 സ്ത്രീകളുണ്ട്.