ടൊറന്റോയിൽ വിമാനം ലാൻഡിംഗിനിടെ തലകീഴായി മറിഞ്ഞു; മൂന്ന് പേരുടെ നില ഗുരുതരം
പി.പി. ചെറിയാൻ
Friday, February 21, 2025 6:31 AM IST
ടൊറന്റോ: കാനഡയിലെ ടൊറന്റോ പിയേഴ്സൺ രാജ്യാന്തര വിമാനത്താവളത്തിൽ ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡിംഗിനിടെ തലകീഴായി മറിഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയാണ് സംഭവം. മിനിയാപോളിസിൽ നിന്ന് എത്തിയ ഡെൽറ്റ ഫ്ലൈറ്റ് 4819 ആണ് അപകടത്തിൽപ്പെട്ടത്.
വിമാനത്തിൽ 76 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്നു. ഇവരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.അപകടത്തെത്തുടർന്ന് 18 യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി.
ഇവരിൽ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ഒരു കുട്ടിയും 60 വയസ് കഴിഞ്ഞ ഒരു പുരുഷനും 40 വയസുള്ള ഒരു സ്ത്രീയുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ ടൊറന്റോയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
വിമാനം റൺവേയിൽ തെന്നിമാറി തലകീഴായി മറിയുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കാനഡ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണത്തിൽ പങ്കുചേരും. അപകടത്തെത്തുടർന്ന് ടൊറന്റോ വിമാനത്താവളത്തിൽ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.
പിന്നീട് വൈകുന്നേരം അഞ്ചിന് വിമാനത്താവളം തുറന്നു. രണ്ട് റൺവേകൾ അടച്ചിട്ടിരിക്കുകയാണ്. ഇത് പ്രവർത്തനത്തെ ബാധിച്ചേക്കാമെന്ന് അധികൃതർ അറിയിച്ചു. അപകടം നടന്ന സമയത്ത് ടൊറന്റോയിൽ ശക്തമായ മഞ്ഞുവീഴ്ചയും കാറ്റും ഉണ്ടായിരുന്നു.
മണിക്കൂറിൽ 40 മൈൽ വരെ വേഗതയിൽ കാറ്റ് വീശുന്നുണ്ടായിരുന്നു. മോശം കാലാവസ്ഥ അപകടത്തിന് കാരണമായോ എന്നും അന്വേഷിക്കുന്നുണ്ട്.