കള്ളും കരിമീനും രുചിക്കാൻ അമേരിക്കൻ സഞ്ചാരികൾ കുമരകത്ത്
Wednesday, February 19, 2025 1:22 PM IST
കുമരകം: അമേരിക്കയിൽനിന്ന് കേരളം കാണാനെത്തിയ 12 അംഗസംഘം കുമരകം ഒന്നാം നമ്പർ ഷാപ്പിലെത്തി കള്ളിന്റെയും കുമരകം കരിമീനിന്റെയും രുചിയറിഞ്ഞു. സൈക്കിളിൽ കേരളമൊട്ടാകെ സഞ്ചാരം നടത്തുന്ന ഇവർ അമേരിക്കയിലെ വിവിധ സൈനിക വിഭാഗത്തിൽ ജോലി ചെയ്യുന്നവരാണെന്നാണ് അറിയിച്ചത്.
ഇവരിൽ പലരും ഇതിനു മുൻപും കേരളാ സന്ദർശനത്തിനെത്തിയപ്പോൾ കുമരകത്തെത്തി കായൽ സവാരി നടത്തി മടങ്ങിയവരാണ്. എന്നാൽ, ഇതാദ്യമായാണ് ഒരു ഷാപ്പിലെത്തി കള്ളിന്റെ രുചി ആസ്വദിച്ചത്.
പുലർച്ചെ ചെത്തിയെടുക്കുന്ന മധുരക്കള്ളിന്റെ സ്വാദ് ഒന്നു വേറേ തന്നെയാണെന്ന് സംഘത്തലവൻ അഭിപ്രായപ്പെട്ടു. ഷാപ്പിൽ അധികനേരം ചെലവിട്ട അവർ ജീവനക്കാരോടും ചെത്തുതൊഴിലാളികളോടും ഒപ്പം സന്തോഷം പങ്കുവച്ചാണ് മടങ്ങിയത്.