അനധികൃത കുടിയേറ്റക്കാരെ നാടുകടത്തൽ: ചങ്ങല ഇടുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് വൈറ്റ് ഹൗസ്
Wednesday, February 19, 2025 3:22 PM IST
വാഷിംഗ്ടൺ: അമേരിക്കയിൽനിന്നു തിരിച്ചയയ്ക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ വൈറ്റ് ഹൗസ് പുറത്തുവിട്ടു. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ "അനധികൃത അന്യഗ്രഹ നാടുകടത്തൽ വിമാനം' എന്ന കുറിപ്പോടെയാണു ദൃശ്യങ്ങൾ പങ്കുവച്ചത്.
ചങ്ങലകൾ മുഴങ്ങുന്ന ശബ്ദവും വീഡിയോയിലുണ്ട്. "ഹ...ഹ... വൗ...' എന്ന കമന്റോടെ കാര്യക്ഷമതാ വകുപ്പ് തലവൻ എലോൺ മസ്ക് ഈ വീഡിയോ റീട്വീറ്റ് ചെയ്തു. ആളുകളെ കൈയിലും കാലിലും ചങ്ങല ബന്ധിച്ച് വിമാനത്തിൽ കയറ്റുന്നതാണ് 41 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലുള്ളത്.
പൗരന്മാരെ ചങ്ങലയിൽ ബന്ധിച്ച് അമേരിക്കൻ യുദ്ധവിമാനങ്ങളിൽ തിരിച്ചയയ്ക്കുന്നതിനെ മനുഷ്യത്വവിരുദ്ധ സമീപനമെന്നു ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണു പരിഹസിക്കുന്ന രീതിയിലുള്ള ഈ സംഭവം.
അതിനിടെ മുന്നൂറിലധികം അനധികൃത കുടിയേറ്റക്കാരെ പാനമയിലേക്ക് ട്രംപ് ഭരണകൂടം കടത്തി. മറ്റ് രാജ്യങ്ങൾ സ്വീകരിക്കാത്തവരാണ് ഇവരിൽ അധികവും. അഫ്ഗാനിസ്ഥാൻ, ഇറാൻ, ചൈന എന്നീ രാജ്യങ്ങളിൽനിന്നുള്ളവർ ഇതിൽ ഉൾപ്പെടും. ഇന്ത്യാക്കാർ ഉണ്ടെന്നും റിപ്പോർട്ടുണ്ട്.
ഒരു ഹോട്ടലിൽ പാർപ്പിച്ച ഇവരുടെ പാസ്പോർട്ട്, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു. സ്വന്തം രാജ്യങ്ങൾ സ്വീകരിച്ചില്ലെങ്കിൽ, ഇവരെ ഒരു താൽകാലിക ക്യാമ്പിലേക്ക് മാറ്റും. ഇന്ന് കോസ്റ്ററീക്കയിലേക്കും അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാടുകടത്തുന്നുണ്ട്.
അനധികൃത കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനങ്ങൾ ഇന്ത്യയിലേക്ക് വരുന്നത് തുടരുമെന്നാണു റിപ്പോർട്ട്. സൈനിക വിമാനത്തിൽ ഇവരെ തിരിച്ചയയ്ക്കുന്നതിന് നല്കിയ അനുമതി ഇപ്പോൾ പുനഃപരിശോധിക്കില്ല.
ആയിരക്കണക്കിനാളുകൾ ഇക്കൊല്ലം തിരിച്ചെത്താൻ സാധ്യതയുണ്ടെന്നും ഓരോ മാസവും നാലഞ്ച് വിമാനങ്ങൾ പ്രതീക്ഷിക്കണമെന്നുമാണ് ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്. മറ്റിടങ്ങളിൽ ഇറങ്ങുന്നവരിൽ ഇന്ത്യക്കാരുണ്ടെങ്കിൽ അവർക്കു മടങ്ങി വരാം.