നാൻസി പെലോസിക്കെതിരേ മത്സരിക്കാൻ ഇന്ത്യൻ വംശജൻ സൈകത് ചക്രബർത്തി
പി പി ചെറിയാൻ
Friday, February 21, 2025 6:39 AM IST
കലിഫോർണിയ: 2026ലെ തെരഞ്ഞെടുപ്പിൽ മുൻ സ്പീക്കർ നാൻസി പെലോസിക്കെതിരേ ഇന്ത്യൻ വംശജനായ സൈകത് ചക്രബർത്തി മത്സരിക്കുമെന്ന് സൂചന. 84 വയസുള്ള നാൻസി പെലോസിക്കെതിരേ തലമുറ മാറ്റമെന്ന വാദം ഉയർത്തി മത്സരിക്കാനാണ് 39 വയസുകാരനായ സൈകത് ചക്രബർത്തി ലക്ഷ്യമിടുന്നത്.
ഡെമോക്രാറ്റിക് പാർട്ടിയുടെ നിലവിലെ നേതൃത്വത്തെ വിമർശിച്ച് സൈകത് ചക്രബർത്തി എക്സ് പ്ലാറ്റ്ഫോമിലൂടെ രംഗത്ത് എത്തി. നാൻസി പെലോസി കരിയറിൽ നേടിയ നേട്ടങ്ങളെ ബഹുമാനിക്കുന്നു, പക്ഷേ 45 വർഷം മുൻപ് രാഷ്ട്രീയത്തിൽ പ്രവേശിച്ചപ്പോൾ അവർക്കറിയാമായിരുന്ന അമേരിക്കയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു അമേരിക്കയിലാണ് നമ്മൾ ജീവിക്കുന്നതെന്നും സൈകത് പറഞ്ഞു.
ടെക്സസിലെ ഫോർട്ട്വർത്തിൽ ഇന്ത്യൻ കുടിയേറ്റ മാതാപിതാക്കളുടെ മകനായി ജനിച്ച ചക്രബർത്തി 2007ൽ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടി. പിന്നീട് കലിഫോർണിയയിലേക്ക് താമസം മാറിയ അദ്ദേഹം ടെക് സ്റ്റാർട്ടപ്പ് മോക്കിംഗ് ബോർഡിന്റെ സഹസ്ഥാപകനും സ്ട്രൈപ്പിൽ സ്ഥാപക എൻജിനീയറുമായി സേവനമനുഷ്ഠിച്ചു.
എന്നാൽ 2016ൽ സിലിക്കൺ വാലി വിട്ട് സെനറ്റർ ബെർണി സാൻഡേഴ്സിന്റെ പ്രസിഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. ദേശീയ പ്രശ്നങ്ങൾ, ഡെമോക്രാറ്റിക് പാർട്ടിയുടെ ഭാവി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ആഴ്ചതോറുമുള്ള സൂം കോളുകൾ ഉൾപ്പെടെയുള്ള പുതിയ രീതിയിലുള്ള പ്രചാരണമാണ് ചക്രബർത്തി ലക്ഷ്യമിടുന്നത്.
സാൻ ഫ്രാൻസിസ്കോയിലെ ഓരോ വോട്ടറുമായും ബന്ധപ്പെടാൻ മാസങ്ങളോളം ഓൺലൈനിലും തെരുവിലും സംഘടിപ്പിച്ചുകൊണ്ട് ഈ ക്യാന്പയിൻ വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം പെലോസി തെരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും ഇനിയൊരു തവണ കൂടി മത്സരിക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.