യുഎഇ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ
അനിൽ സി. ഇടിക്കുള
Wednesday, January 29, 2025 5:29 PM IST
അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെയുള്ള ഉന്നതതല സംഘവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തി. അബുദാബി ഖസർ അൽ ബഹറിലെ സീ പാലസ് ബർസയിലായിരുന്നു കൂടിക്കാഴ്ച.
യുഎഇയും ഇന്ത്യയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ വിവിധ വശങ്ങളും ഇരുരാജ്യങ്ങൾക്കും താത്പര്യമുള്ള പ്രാദേശിക, രാജ്യാന്തര വിഷയങ്ങളും ചർച്ച ചെയ്തു.
യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെ ഒട്ടേറെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ജയശങ്കർ ചർച്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നത് സംബന്ധിച്ചും സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു.
ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് എന്നിവരുമായും ജയശങ്കർ ചർച്ച നടത്തി.