പക്ഷിപ്പനി ബാധിച്ച് ഒരു മരണം; അമേരിക്കയിൽ ഇതാദ്യം
Wednesday, January 8, 2025 12:50 PM IST
വാഷിംഗ്ടൺ: അമേരിക്കയിൽ പക്ഷിപ്പനി ബാധിച്ച് ഒരു മരണം. ലൂസിയാനയിലാണ് 65 വയസുകാരനായ രോഗി മരിച്ചത്. ലൂസിയാന ആരോഗ്യ അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചു. ആദ്യമായാണു പക്ഷിപ്പനി മൂലം ഒരാൾ അമേരിക്കയിൽ മരിക്കുന്നത്.
പക്ഷിപ്പനി പിടിപെട്ട് ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഡിസംബർ പകുതിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രോഗിക്കാണ് മരണം. ഇയാൾക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നതാണ് വെല്ലുവിളിയായതെന്ന് ആരോഗ്യവിഭാഗം അധികൃതർ വ്യക്തമാക്കി.
പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മനുഷ്യനിൽനിന്നു മനുഷ്യനിലേക്ക് പകരാനുള്ള സാധ്യത കുറവാണെന്നും അധികൃതർ അറിയിച്ചു.