മൂന്നാം ലോകമഹായുദ്ധം അടുത്തെത്തി! മുന്നറിയിപ്പുമായി യൂറോപ്യൻ രാജ്യങ്ങൾ
Wednesday, November 20, 2024 12:34 PM IST
ലണ്ടൻ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ മൂന്നാം ലോക മഹായുദ്ധത്തിനുള്ള സാധ്യതയും ആണവായുധം പ്രയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന മുന്നറിയിപ്പുമായി യൂറോപ്യൻ രാജ്യങ്ങൾ.
സ്വീഡൻ, നോർവെ, ഡെൻമാർക്ക്, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങളാണ് ജനങ്ങൾക്കു മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ആഗോളതലത്തിൽ യുദ്ധഭീഷണി നിലനിൽക്കവേ രാജ്യത്തെ ജനങ്ങളോട് സുരക്ഷിതമായ ഇടം കണ്ടെത്തണമെന്നു ലഘുലേഖകളിലൂടെ സ്വീഡൻ അറിയിച്ചു.
യുദ്ധം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി ഒരാഴ്ചത്തേക്ക് ആവശ്യമായ സാധനങ്ങൾ കരുതണമെന്നാണ് നോർവെ അറിയിച്ചിരിക്കുന്നത്. ഡെൻമാർക്ക് ഇതിനോടകംതന്നെ പൗരന്മാർക്ക് റേഷൻ, വെള്ളം, മരുന്നുകൾ എന്നിവ സംഭരിക്കാൻ ഇമെയിലുകൾ അയച്ചിട്ടുണ്ട്.
പ്രതിസന്ധികളെ നേരിടാൻ തയാറെടുക്കണമെന്നാണു ഫിൻലൻഡിന്റെ മുന്നറിയിപ്പ്. പല നാറ്റോ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് യുദ്ധത്തിന് തയാറാകാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.