സിനഡാലിറ്റിയും എക്യുമെനിസവും അവിഭാജ്യം: മാർപാപ്പ
Tuesday, November 12, 2024 11:18 AM IST
വത്തിക്കാൻ: സഭൈക്യ സംഭാഷണത്തിനായി വത്തിക്കാനിലെത്തിയ മാർത്തോമ്മ സഭാ സിനഡിലെ മെത്രാപ്പോലീത്തമാരുടെ എട്ടംഗസംഘം ഇന്നലെ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു.
കത്തോലിക്കാസഭയും മാർത്തോമ്മ സഭയും തമ്മിലുളള സഭൈക്യ സംഭാഷണത്തിന്റെ പുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തിയ മാർപാപ്പ, സിനഡാലിറ്റിയും എക്യുമെനിസവും ക്രൈസ്തവസാക്ഷ്യത്തിന് കൂടിയേതീരൂ എന്നു പ്രസ്താവിച്ചു.
പാശ്ചാത്യ, പൗരസ്ത്യ സഭകളെ കൂട്ടിയിണക്കുന്ന പാലമാണു മാർത്തോമ്മ സഭയെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം വത്തിക്കാൻ സൂനഹദോസിൽ മാർത്തോമ്മ സഭയുടെ പീലിപ്പോസ് മാർ ക്രിസോസ്റ്റം നിരീക്ഷകനായി പങ്കെടുത്തതും 2022ൽ രണ്ടു സഭകളും തമ്മിൽ ചർച്ചകൾ ആരംഭിച്ചതും മാർപാപ്പ അനുസ്മരിച്ചു.
കഴിഞ്ഞ ഡിസംബറിൽ കേരളത്തിൽ ഈ ചർച്ച തുടർന്നു. അടുത്ത ചർച്ച ഏതാനും ആഴ്ചകൾക്കുള്ളിൽ വീണ്ടും നടക്കും. സിനഡാലിറ്റിയും പ്രേഷിതദൗത്യവും ഇരുസഭകൾക്കും ഒന്നിക്കാവുന്ന മേഖലകളാണെന്ന് മാർപാപ്പ ഓർമിപ്പിച്ചു.
പ്രേഷിത പ്രവർത്തനത്തെക്കുറിച്ചുള്ള ഒരു എക്യുമെനിക്കൽ സിനഡ് സമ്മേളിക്കുന്നതിനെപ്പറ്റി അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു. ഒന്നിച്ച് സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർഥന ചൊല്ലിയാണ് കൂടിക്കാഴ്ച അവസാനിച്ചത്.