രാഷ്ട്രീയം മിമിക്രിയായി മാറുന്നു: അഡ്വ. ജയശങ്കർ
Thursday, November 14, 2024 3:28 PM IST
ലണ്ടൻ: രാഷ്ട്രീയവും പൊതുപ്രവർത്തനവും ഇന്ന് വെറും മിമിക്രിയായി മാറിയെന്നും പൊതുപ്രവർത്തനം നേതാക്കന്മാർക്ക് പണം സമ്പാദനത്തിനുള്ള ഉപാധിയുമാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ.
ഞായറാഴ്ച ലണ്ടനിലെ ഈസ്റ്റ് ഹാമിൽ നടന്ന സംവാദത്തിൽ രാഷ്ട്രീയ അഡ്വ. എ. ജയശങ്കറോടൊപ്പം കേംബ്രിജ് മേയറും അഭിഭാഷകനുമായ ബൈജു തിട്ടാലയും പങ്കെടുത്തു. സംവാദത്തിൽ പങ്കെടുത്തവരുടെ നിരവധി ചോദ്യങ്ങൾക്ക് അഡ്വ. ജയശങ്കറും ബൈജൂ തിട്ടാലയും ഉത്തരങ്ങൾ നൽകി.
ലോകത്താകമാനം ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സംവാദം സംഘടിപ്പിച്ചത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ നയിച്ച പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവിനും ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പി അംബേദ്കറിനും ഉണ്ടായിരുന്ന ഇച്ഛാശക്തിയും ദീർഘവീക്ഷണവും തുടർന്ന് ഇന്ത്യ ഭരിച്ച രാഷ്ട്രീയ നേതാക്കന്മാർക്ക് ഇല്ലാതെ വന്നതാണ് ഇന്ത്യക്ക് സംഭവിച്ച അപചയങ്ങൾക്കു മുഖ്യ കാരണം എന്ന് അദ്ദേഹം സൂചിപ്പിച്ചു.
രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ മൂല്യച്യുതി സാഹിത്യ രംഗത്തും മതസാംസ്കാരിക രംഗത്തും വിദ്യാഭ്യാസ രംഗത്തും നിയമ വ്യവഹാര രംഗങ്ങളിലേക്ക് പോലും പടർന്നിരിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.
ഈസ്റ്റ് ഹാമിലെ ഗുരുമിഷൻ ഹാളിൽ നടന്ന സംവാദത്തിൽ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. അഡ്വ. ജയശങ്കർ നിയമ സഹായം നൽകി നിയമ കുരുക്കിൽ നിന്ന് ജീവിതം രക്ഷപ്പെടുത്തിയ റസാക്കും കുടുംബവും മാഞ്ചസ്റ്ററിൽ നിന്ന് അദ്ദേഹത്തെ കാണാൻ ലണ്ടനിൽ എത്തിയിരുന്നു.
ജയ്സൺ ജോർജ് ആയിരുന്നു മീഡിയേറ്റർ. ഗിരി മാധവൻ, ടോണി ചെറിയാൻ, അബ്രഹാം പൊന്നുംപുരയിടം, ഡോ. ജോഷി, നജീബ്, ഏബ്രഹാം വാഴൂർ, ഷീന ജയ്സൺ, ഡെൽബെർട്ട് മാണി, തോമസ് പുളിക്കൻ, ഷാജൻ ജോസഫ്, രാജേഷ് കരുണാകരൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ലണ്ടൻ മലയാളി കമ്മ്യൂണിറ്റി ആണ് സംവാദം സംഘടിപ്പിച്ചത്.