പ്രളയം: വലൻസിയയിൽ ലക്ഷം പേരുടെ പ്രതിഷേധം
Monday, November 11, 2024 11:31 AM IST
മാഡ്രിഡ്: വലൻസിയ പ്രളയത്തിൽ സ്പാനിഷ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്കെതിരേ പടുകൂറ്റൻ പ്രതിഷേധ പ്രകടനം. ശനിയാഴ്ച വൈകുന്നേരം വലൻസിയ നഗരത്തിലെ തെരുവുകളിൽ നടന്ന പ്രകടനങ്ങളിൽ 1,30,000 പേർ പങ്കെടുത്തതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. വലൻസിയ സിറ്റി ഹാളിലെ കസേരകൾ പ്രതിഷേധക്കാർ വലിച്ചെറിഞ്ഞു. ഒക്ടോബർ 29ന് കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 223 പേരാണു മരിച്ചത്. 93 പേരെ ഇനിയും കണ്ടെത്താനുണ്ട്.
ചെളിയടിഞ്ഞ ആയിരക്കണക്കിനു വീടുകൾ വാസയോഗ്യമല്ലാതായി. പ്രളയം ആരംഭിച്ചു മണിക്കൂറുകൾ കഴിഞ്ഞാണ് വലൻസിയയിലെ പ്രാദേശിക ഭരണകൂടം ഇതുസംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
കഴിഞ്ഞയാഴ്ച പ്രളയമേഖല സന്ദർശിക്കാനെത്തിയ സ്പെയിനിലെ രാജാവ് ഫിലിപ്പിനും പ്രധാനമന്ത്രി പെദ്രോ സാഞ്ചസിനും നേർക്ക് ജനം ചെളിയെറിഞ്ഞിരുന്നു.