തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി ഒഐസിസി യുകെ
റോമി കുര്യാക്കോസ്
Thursday, November 7, 2024 5:29 PM IST
വയനാട്: കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരെഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി പ്രവാസ സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുകെ.
സംഘടനയുടെ അധ്യക്ഷ തന്നെ നേരിട്ടാണ് യുഡിഎഫ് സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി മാത്രമാണ് ഒഐസിസി യുകെ പ്രവർത്തകർ യുകെയിൽ നിന്നും നാട്ടിലെത്തിയത്.
അധ്യക്ഷ ഷൈനു ക്ലയർ മാത്യൂസ്, സംഘടനയുടെ ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവരാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് മാത്രമായി നാട്ടിലെത്തി മണ്ഡലങ്ങളിൽ സജീവമായത്.
തുടർന്ന് ഒഐസിസിയുടെ നേതൃത്വത്തിൽ 20 പേരടങ്ങുന്ന കർമ്മസേനയ്ക്ക് രൂപം നൽകുകയും ചേലക്കരയിൽ നിന്നും പ്രവർത്തനം ആരംഭിക്കുകയുമായിരുന്നു. ഒഐസിസിയുടെ നാട്ടിലുള്ള മറ്റു പ്രവർത്തകരും പ്രാദേശിക കോൺഗ്രസ് പ്രവർത്തകരെയും കൂട്ടിച്ചേർത്തുകൊണ്ട് വിവിധ മണ്ഡലങ്ങളിലായി 50 പേരടങ്ങുന്ന സംഘമായി കർമ്മസേന പിന്നീട് വിപുലീകരിച്ചു.
നേരത്തെ നാട്ടിൽ എത്തിയിരുന്ന സംഘടനയുടെ വൈസ് പ്രസിഡന്റ് ഫിലിപ്പ് കെ. ജോണും പ്രചരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. ബഹുഭൂരിപക്ഷം പ്രവാസികൾക്കും നാട്ടിൽ വോട്ടവകാശമില്ലെങ്കിലും അവരുടെ ബന്ധുക്കളുടെ വോട്ടുകൾ പരമാവധി യുഡിഎഫ് സ്ഥാനർഥികൾക്ക് അനുകൂലമായി സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒഐസിസി യുകെ പ്രചാരണ രംഗത്ത് സജീവമായത്.
മൂന്ന് യുഡിഫ് സ്ഥാനാർഥികൾക്ക് വേണ്ടിയും മണ്ഡലങ്ങളിലെ പല സ്ഥലങ്ങളിൽ ഗൃഹ സന്ദർശനം, വാഹന പര്യടനം എന്നിവ സംഘടിപ്പിച്ച ഒഐസിസി യുകെ കർമ്മ സേന, വിവിധ ഇടങ്ങളിൽ സ്ഥാനാർഥികളോടൊപ്പം പര്യടനങ്ങളിലും പങ്കാളികളുമായി. പ്രചരണത്തിനായി സ്ഥാനാർഥികളുടെ ചിത്രം അലേഖനം ചെയ്ത ടി ഷർട്ടുകളും തൊപ്പികളും ഒഐസിസി യുകെ രംഗത്തിറക്കിയിരുന്നു.
മൂന്ന് സ്ഥലങ്ങളിലായി സംഘടിപ്പിച്ച പ്രചാരണ സാമഗ്രികളുടെ പ്രകാശന ചടങ്ങിൽ എഐസിസി സെക്രട്ടറി വി.കെ. അറിവഴകൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, ചാണ്ടി ഉമ്മൻ എംഎൽഎ, യുഡിഎഫ് കോട്ടയം ജില്ലാ കൺവീനർ അഡ്വ. ഫിൽസൻ മാത്യൂസ് തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്തു.
ഒഐസിസി യുകെയെ പ്രതിനിധീകരിച്ച് നാഷണൽ പ്രസിഡന്റ് ഷൈനു ക്ലയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവരും കർമസേന പ്രവർത്തകരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
കോൺഗ്രസ് പാർട്ടിയുടെയും യുഡിഎഫിന്റെയും മുതിർന്ന നേതാക്കളും പ്രചാരണ പ്രവർത്തനങ്ങളുടെ ചുമതലയും ഏകോപനവും വഹിക്കുന്ന വി.കെ. അറിവഴകൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കൊടിക്കുന്നിൽ സുരേഷ് എംപി, ഫ്രാൻസിസ് ജോർജ് എംപി, ഡീൻ കുര്യാക്കോസ് എംപി, ഷാഫി പറമ്പിൽ എംഎൽഎ,
അഡ്വ. ടി സിദ്ദിഖ് എംഎൽഎ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, വി പി സജീന്ദ്രൻഅഡ്വ. ഫിൽസൻ മാത്യൂസ്, അഡ്വ. അനിൽ ബോസ്, മുഹമ്മദ് ഷിയാസ്, ജ്യോതികുമാർ ചാമക്കാല തുടങ്ങിയവരുമായും ഒഐസിസി യുകെ സംഘം ആശയവിനിമയവും സംഘം നടത്തി.
യുകെയിൽ നിന്നും പ്രചാരണത്തിനായി എത്തിച്ചേർന്ന ഒഐസിസി യുകെ സംഘം നടത്തിയ പ്രവർത്തനം ശ്ലാഘനീയവും മാതൃകാപരമെന്നും നേതാക്കൾ പറഞ്ഞു.
ഷൈനു ക്ലയർ മാത്യൂസ് നേതൃത്വം നൽകിയ കർമ്മസേന സംഘത്തിൽ റോമി കുര്യാക്കോസ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് വൈ.എ. റഹിം, കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവും അയർകുന്നം മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ജയിംസ് കുന്നപ്പളളി,
അയർക്കുന്നം മണ്ഡലം പ്രസിഡന്റ് ജിജി നാകമറ്റം, അയർകുന്നം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ബിനോയി നീറിക്കാട്, ബിജു മുകളേൽ, ബിനോയ് മാത്യു ഇടയലിൽ, കെഎസ്ആർടിസി വർക്കേഴ്സ് യൂണിയൻ മുൻ നേതാവ് ബേബി മുരിങ്ങയിൽ തുടങ്ങിയവരും അണിചേർന്നു.
ഒഐസിസി യുകെ വൈസ് പ്രസിഡന്റ് ഫിലിപ്പ് കെ. ജോണിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവും പ്രചാരണ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി.