അയർലൻഡിൽ പൊതു തെരഞ്ഞെടുപ്പ് നവംബർ 29ന്
ജെയ്സൺ കിഴക്കയിൽ
Sunday, November 10, 2024 2:04 AM IST
ഡബ്ലിൻ: അയർലൻഡിൽ പൊതുതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഐറിഷ് പാർലമെന്റിലേക്ക് നവംബർ 29 ന് തെരഞ്ഞെടുപ്പ് നടക്കും. പ്രധാനമന്ത്രി സൈമൺ ഹാരിസാണ് നിലവിലുള്ള മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നതിനു മുൻപേ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രഖ്യാപനം നടത്തിയത്.
അയർലൻഡിൽ നിലവിൽ ഫിനഗേൽ, ഫിനഫോൾ, ഗ്രീൻ പാർട്ടി എന്നിവർ ചേർന്നുള്ള കൂട്ടുമന്ത്രിസഭയാണ് ഭരണം നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനെത്തുടർന്ന് രാഷ്ട്രീയ പാർട്ടികൾ പ്രചാരണ പരിപാടികളിൽ സജീവമായി.
അടുത്തിടെ നടന്ന അഭിപ്രായ സർവേയിൽ ജനപിന്തുണയിൽ ഫിനഗേൽ പാർട്ടിക്കാണ് ഒന്നാം സ്ഥാനം. ഫിനാഫോൾ പാർട്ടി രണ്ടാമതും സിൻഫെയിൻ മൂന്നാം സ്ഥാനത്തുമാണുള്ളത്.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ഒട്ടേറെ ജനക്ഷേമ പദ്ധതികളുമായുള്ള ബജറ്റാണ് കഴിഞ്ഞ മാസം പാർലമെന്റിൽ അവതരിപ്പിച്ചത്. ഇവ വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷ പാർട്ടികൾ.
അനുകൂല രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് തെരെഞ്ഞെടുപ്പ് നേരത്തെ നടത്താൻ തീരുമാനിച്ചത്. മൊത്തം 174 അംഗങ്ങളെയാണ് പാർലമെന്റിലേക്കു തെരഞ്ഞെടുക്കുക.
88 അംഗങ്ങളുടെ പിന്തുണയുള്ളവർക്കു സർക്കാർ രൂപീകരിക്കാം. നവംബർ 16 വരെ നോമിനേഷനുകൾ സ്വീകരിക്കും. ഇത്തവണ മലയാളികളും തെരെഞ്ഞെടുപ്പിൽ മത്സരത്തിനുണ്ടാവും .