വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയണിന്റെ കേരളപ്പിറവി ആഘോഷം 30ന്
ജോളി എം. പടയാട്ടിൽ
Thursday, November 14, 2024 8:09 AM IST
ലണ്ടൻ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ എല്ലാ മാസവും നടത്തി കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ 18-ാം സമ്മേളനം കേരളപ്പിറവിയായി ആഘോഷിക്കും.
കേരള സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയുന്ന കേരളപ്പിറവി ആഘോഷത്തിൽ പ്രഫ. എം.കെ. സാനു മുഖ്യപ്രഭാഷകനായിരിക്കും. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ, റീജിയൺ, പ്രൊവിൻസ്, ഫോറംസ് നേതാക്കന്മാരെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി കലാസാംസ്കാരിക നായകന്മാരും ഇതിൽ പങ്കെടുക്കും.
ഈ മാസം 30ന് വൈകുന്നേരം ഇന്ത്യൻ സമയം വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന കേരളപ്പിറവി ആഘോഷത്തിൽ കേരളത്തിന്റെ തനതായ കലാരൂപങ്ങൾ അവതരിപ്പിക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ ഒരുക്കുന്ന ഈ കലാസാംസ്കാരികവേദിയുടെ പതിനെട്ടാം സമ്മേളനമാണ് കേരളപ്പിറവിയായി ആഘോഷിക്കുന്നത്.
ഈ കലാസാംസ്കാരികവേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽനിന്നു കൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.