ജർമനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാര്‍ലമെന്റില്‍ തുടക്കമായി
ജോസ് കുമ്പിളുവേലില്‍
Friday, November 15, 2024 3:41 PM IST
ബെര്‍ലിന്‍: ജര്‍മനിയുടെ പാര്‍ലമെന്റിന്റെ അധോസഭയായ ബുണ്ടെസ്റ്റാഗിനെ ബുധനാഴ്ച അഭിസംബോധന ചെയ്തുകൊണ്ട് ഡിസംബര്‍ 16ന് വിശ്വാസവോട്ട് വിളിച്ച് പുതിയ തെരഞ്ഞെടുപ്പിന് വഴിയൊരുക്കുമെന്ന് ചാന്‍സലര്‍ ഷോള്‍സ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ജര്‍മന്‍ പ്രസിഡന്റ് പാര്‍ലമെന്റ് പിരിച്ചുവിടും. ഫെബ്രുവരി 23ന് തെരഞ്ഞെടുപ്പ് തീയതിയും നിശ്ചയിച്ചു.
അതേസമയം നികുതി ഇളവ്, സാമ്പത്തിക വികസനം, കുട്ടികളുടെ ആനുകൂല്യം വര്‍ധിപ്പിക്കല്‍, ഡോച്ച്ലാന്ഡ്- ടിക്കറ്റ് പ്രതിമാസ പൊതുഗതാഗത പാസിന്റെ വിപുലീകരണം തുടങ്ങിയ വിഷയങ്ങളില്‍ കഴിഞ്ഞയാഴ്ച ഒലാഫ് ഷോള്‍സിന്റെ സഖ്യം തകര്‍ന്നതിന് ശേഷം പാര്‍ലമെന്റില്‍ കുടുങ്ങിയ 100 കരട് നിയമങ്ങളില്‍ നാലെണ്ണം മാത്രമാണ് പാസായത്.
ഫ്രീ ഡെമോക്രാറ്റുകള്‍ (എഫ്ഡിപി) സഖ്യം വിട്ടതിനുശേഷം സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്കും(എസ്പിഡി) ഗ്രീന്‍സിനും പാര്‍ലമെന്ററി ഭൂരിപക്ഷമില്ലാത്തതിനാല്‍ ചാന്‍സലറുടെ സര്‍ക്കാര്‍ ഇപ്പോള്‍ ഊരാക്കുടുക്കിലാണ്.
ബുണ്ടെസ്റ്റാഗില്‍ സംസാരിച്ച ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഫെബ്രുവരി തെരഞ്ഞെടുപ്പിന് മുമ്പ് നിരവധി നിയമനിര്‍മാണം നടത്താന്‍ പ്രതിപക്ഷത്തോട് സഹായം അഭ്യര്‍ഥിച്ചുവെങ്കിലും യാഥാസ്ഥിതിക സിഡിയു വിമുഖത കാണിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണം ഉണ്ടായിരുന്നിട്ടും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ബുണ്ടസ്റ്റാഗ് ആദ്യമായി യോഗം ചേരുന്നത് വരെ നിലവിലെ ബുണ്ടസ്റ്റാഗ് അടിസ്ഥാനപരമായി പ്രവര്‍ത്തിക്കാനും തീരുമാനങ്ങള്‍ എടുക്കാനും പ്രാപ്തമായി തുടരും.