മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്കായി മാർത്തോമ്മാ സിനഡ് പ്രതിനിധി സംഘം വത്തിക്കാനിൽ
ജെജി മാന്നാർ
Monday, November 11, 2024 1:13 PM IST
റോം: സഭൈക്യ ബന്ധത്തിൽ പരസ്പരം ചേർന്ന് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി മലങ്കര മാർത്തോമ്മാ സുറിയാനി സഭയും ആഗോള കത്തോലിക്കാ സഭയും.
ഇരുസഭകളും തമ്മിൽ കഴിഞ്ഞ വർഷം ആരംഭിച്ച ഡയലോഗ് മീറ്റിംഗിന്റെ തുടർച്ചയായി മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്കോപ്പൽ സിനഡ് അംഗങ്ങളെ കൂടിക്കാഴ്ചയ്ക്കായി ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ക്ഷണിച്ചത് അനുസരിച്ചാണ് എപ്പിസ്കോപ്പൽ സിനഡ് പ്രതിനിധികളായി എട്ട് പിതാക്കൻമാർ റോമിൽ എത്തിച്ചേർന്നത്.
തിങ്കളാഴ്ച രാവിലെ എട്ടു മുതൽ ക്രമീകരിച്ചിരിക്കുന്ന ഒരു മണിക്കുർ മീറ്റിംഗിൽ എപ്പിസ്കോപ്പൽ പ്രതിനിധി സംഘം മാർപാപ്പയുമായി കൂടിക്കാഴ്ചയും ചർച്ചയും നടത്തും. മലങ്കര മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ നിർദേശപ്രകാരം ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപോലീത്തയാണ് പ്രതിനിധി സംഘത്തെ നയിക്കുന്നത്.
തിരുവനന്തപുരം കൊല്ലം ഭദ്രാസന അധിപനും സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റുമായ ഡോ. ഐസക്ക് മാർ ഫീലക്സിനോസ്, നോർത്ത് അമേരിക്കൻ ഭദ്രാസന അധിപനും അഖില ലോക സഭാ കൗൺസിൽ എക്സികുട്ടീവ് കമ്മറ്റി അംഗവുമായ ഡോ. ഏബ്രഹാം മാർ പൗലോസ്, കുന്നംകുളം മലബാർ ഭദ്രാസന അധിപനും സൺഡേസ്കൂൾ സമാജം പ്രസിഡന്റുമായ ഡോ. മാത്യൂസ് മാർ മക്കാറിയോസ്,
കൊട്ടാരക്കര പുനലൂർ ഭദ്രാസന അധിപനും സേവികാ സംലം പ്രസിഡന്റുമായ ഡോ. തോമസ് മാർ തിത്തോസ്, ഡൽഹി ഭദ്രാസന അധിപൻ സഖറിയാസ് മാർ അപ്രേം, യുകെ- യൂറോപ്പ് - ആഫ്രിക്ക, മുബൈ ഭദ്രാസനങ്ങളുടെ അധിപൻ ഡോ. ജോസഫ് മാർ ഇവാനിയോസ്, അടൂർ ഭദ്രാസന അധിപനും സന്നദ്ധ സുവിശേഷക സംഘം പ്രസിഡന്റുമായ മാത്യൂസ് മാർ സെറാഫിം എന്നിവർ ഉൾപ്പെടുന്നതാണ് എട്ടംഗ എപ്പിസ്കോപ്പൽ പ്രതിനിധി സംഘം.
മാർപാപ്പയുമായുള്ള കൂടികാഴ്ചയ്ക്ക് ഒപ്പം പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റി, ഡിക്കാസ്റ്ററെ ഫോർ പ്രൊമോട്ടിംഗ് ക്രിസ്റ്റ്യൻ യൂണിറ്റി എന്നിവടങ്ങളിൽ നടത്തപ്പെടുന്ന പ്രത്യേക മീറ്റിംഗുകളിലും എപ്പിസ്കോപ്പൽ പ്രതിനിധി സംഘം സംബന്ധിക്കുന്നുണ്ട്.
രണ്ടാം വത്തിക്കാൻ കൗൺസിൽ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിരുന്നു അതിനു ശേഷം ആദ്യമായാണ് ഇരുസഭകളും തമ്മിൽ ഔദ്യോഗികമായ കൂടികാഴ്ചകൾക്കും ചർച്ചകൾക്കും വേദി ഒരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.
വത്തിക്കാനിലെ ഔദ്യോഗിക അതിഥി മന്ദിരമായ സാന്താ മാർത്തയിൽ ആണ് എപ്പിസ്കോപ്പൽ സംഘം താമസിച്ച് ഒരാഴ്ച നീളുന്ന വ്യത്യസ്ത പരിപാടികളിൽ പങ്കെടുക്കുന്നത്.