പാവങ്ങൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ഫ്രാൻസിസ് മാർപാപ്പ
Tuesday, November 19, 2024 10:17 AM IST
വത്തിക്കാൻ: പാവപ്പെട്ടവരുടെ ലോക ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ പാവങ്ങൾക്കൊപ്പം ഫ്രാൻസിസ് മാർപാപ്പ ഉച്ചഭക്ഷണം കഴിച്ചു. ഭിക്ഷാടകരുൾപ്പെടെ 1300ഓളം പാവപ്പെട്ടവരായ ആളുകളാണ് വത്തിക്കാനിൽ ഒരുമിച്ചുകൂടിയത്.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇവർക്കായി മാർപാപ്പ വിശുദ്ധ കുർബാന അർപ്പിക്കുകയും തുടർന്ന് പോൾ ആറാമൻ ഹാളിൽ എല്ലാവർക്കുമായി ഇറ്റലിയിലെ റെഡ് ക്രോസ് അംഗങ്ങൾ ഒരുക്കിയ ഉച്ചഭക്ഷണത്തിൽ പങ്കെടുക്കുകയും ചെയ്തു.
പങ്കെടുത്തവരോട് മാർപാപ്പ കുശലാന്വേഷണം നടത്തി. സിനഡൽ അസംബ്ലിയെ അനുസ്മരിപ്പിക്കുന്ന വൃത്താകൃതിയിലുള്ള മേശകൾക്ക് ചുറ്റുമുള്ള കസേരകളിലാണ് ക്ഷണിക്കപ്പെട്ട 1300 പേർ ഇരുന്നത്.
ഇവരുടെ മധ്യത്തിൽ ഇരുന്ന മാർപാപ്പ ഭക്ഷണം ആശീർവദിച്ചതോടെ വിരുന്നിനു തുടക്കമായി. വിരുന്നിനിടെ റെഡ് ക്രോസ് അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.
മാർപാപ്പയുടെ ഉപവിപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കർദിനാൾ ക്രാജേവ്സ്കിയും ഭക്ഷണം വിളമ്പാൻ സന്നദ്ധപ്രവർത്തകരോടൊപ്പം ഉണ്ടായിരുന്നു.
വിൻസെന്റ് ഡി പോൾ സമൂഹം നൽകിയ ഭക്ഷണവും വ്യക്തിഗത ശുചിത്വ സാമഗ്രികളും അടങ്ങിയ സമ്മാനങ്ങൾ പങ്കെടുത്തവർക്ക് നൽകി.