അഞ്ഞൂറിലധികം നഴ്സുമാരെ ജർമനിയിലെത്തിച്ചത് ആഘോഷമാക്കി നോർക്ക
Tuesday, November 12, 2024 10:13 AM IST
തിരുവനന്തപുരം: അഞ്ഞൂറിലധികം നഴ്സുമാരെ ജർമനിയിലെത്തിച്ചത് ആഘോഷമാക്കി നോർക്ക. നോര്‍ക്ക ട്രിപ്പിള്‍ വിന് കേരള പദ്ധതി വഴി 528 നഴ്സുമാരെയാണ് ജർമനിയിലെത്തിച്ചത്. ജർമൻ ഓണററി കോൺസൽ സംഘടിപ്പിച്ച ജർമൻ ഐക്യദിനത്തിനും ബെർലിൻ മതില് പതനത്തിന്റെ 35-ാം വാർഷികാഘോഷ ചടങ്ങിനുമൊപ്പമായിരുന്നു 500 പ്ലസ് ആഘോഷപരിപാടി.
നോര്‍ക്ക റൂട്ട്സിന്റെ മികച്ച പിന്തുണയാണ് പദ്ധതിയുടെ വിജയത്തിനു പിന്നിലെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ ബംഗലൂരുവിലെ ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ അച്ചിം ബുകാർട്ട് പറഞ്ഞു. രണ്ടുവര്‍ഷത്തിനുള്ളില്‍ മികച്ച നേട്ടം കൈവരിക്കാനായതില്‍ അഭിമാനിക്കുന്നുവെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗോയ്ഥേ സെന്ററിനേയും ബന്ധപ്പെട്ട എല്ലാവരേയും അഭിനന്തിക്കുന്നതായി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് പറഞ്ഞു.
2021 ഡിസംബറില്‍ ഒപ്പിട്ട ട്രിപ്പിള്‍ വിന് കേരള പദ്ധതിയുടെ ഭാഗമായി ഇതുവരെ 528 നഴ്സുമാര്‍ക്കാണ് ജര്‍മനിയിലെ 12 സ്റ്റേറ്റുകളിലെ വിവിധ ആരോഗ്യപരിപാലന സ്ഥാപനങ്ങളിൽ രജിസ്ട്രേഡ് നഴ്സ് തസ്തികയില്‍ നിയമനം ലഭിച്ചത്. അഞ്ചുഘട്ടങ്ങളിലായി തെരഞ്ഞെടുത്ത 1400 പേരില്‍ ജര്‍മന്‍ ഭാഷാപരിശീലനം തുടരുന്നവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജര്‍മനിയിലേയ്ക്ക് തിരിക്കും.
കേരളത്തില്‍ നിന്നുളള നഴ്സിംഗ് പ്രഫഷണലുകള്‍ക്ക് ജര്‍മനിയില്‍ തൊഴിലവസരമൊരുക്കുന്നതിനായി നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് നോര്‍ക്ക ട്രിപ്പിള്‍ വിന് കേരള.