ന്യൂമാൻ ഗ്ലോബൽ കൊമേഴ്സ് ഫോറം ഉദ്ഘാടനം നടത്തി
1460675
Saturday, October 12, 2024 2:41 AM IST
തൊടുപുഴ: ന്യൂമാൻ കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ഗ്ലോബൽ കൊമേഴ്സ് ഫോറം ഉദ്ഘാടനം ചെയ്തു.
വ്യവസായ വാണിജ്യ മേഖലകളിൽ സർഗാത്മകമായ ഇടപെടലുകൾ നടത്താൻ വിദ്യാർഥികളെ പരിശീലിപ്പിക്കുകയും പുതിയ വിദ്യാഭ്യാസ നയങ്ങൾക്കനുസരിച്ച് ആഗോളതലത്തിൽ വാണിജ്യ മേഖലയിലുള്ള വിദ്യാർഥികളുടെ അവസരങ്ങൾ കണ്ടെത്തി അവരുടെ സമഗ്ര വികസനത്തിനായി വിവിധ കർമപരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കുകയുമാണ് ഫോറത്തിന്റെ ലക്ഷ്യം.
മൂവാറ്റുപുഴ നിർമല കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജസ്റ്റിൻ കണ്ണാടൻ ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികളുടെ നിപുണത വിവിധ മേഖലകളിൽ വളർത്തിയെടുത്ത് അവരെ ശക്തീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ടാലന്റ് ഡേ ആഘോഷവും സംഘടിപ്പിച്ചു.
മികച്ച നിലയിലുള്ള പരിശീലനത്തിന് നേതൃത്വം, വിഭവസമാഹരണം, പ്ലേസ്മെന്റ് അനുബന്ധ പ്രവർത്തനങ്ങൾ എന്നിവ ലക്ഷ്യമാക്കി ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ജോലിചെയ്യുന്ന ഡിപ്പാർട്ട്മെന്റിലെ പൂർവ വിദ്യാർഥികളുടെ ആഗോളതലത്തിലുള്ള നെറ്റ്വർക്ക് രൂപീകരണവും പദ്ധതിയുടെ ഭാഗമായി നടത്തും. ഡിപ്പാർട്ട്മെന്റ് മേധാവി ക്യാപ്റ്റൻ പ്രജീഷ് സി. മാത്യു അധ്യക്ഷത വഹിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. ജെന്നി കെ.അലക്സ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ദിവ്യ ജയിംസ്, ഡോ. ബോണി ബോസ്, ജോർജ് മാത്യു എന്നിവർ പ്രസംഗിച്ചു. ഫോറത്തിന്റെ ഗ്ലോബൽ അംബാസഡറായി ക്ലഫി ജോസഫ് (ജർമനി), ഭാരവാഹികളായി ജോർജ് മാത്യു-പ്രസിഡന്റ്, ജെനീറ്റ രാജു-സെക്രട്ടറി, ചന്ദന ചന്ദ്രബാബു-വൈസ് പ്രസിഡന്റ്, ജെ. ഹരികൃഷ്ണൻ -ജോയിന്റ് സെക്രട്ടറി, ഡെൽന റോയ് - ട്രഷറർ എന്നിവർ സ്ഥാനമേറ്റു.