റോഡിന്റെ തകർച്ച: 48 മണിക്കൂർ നിരാഹാരം ആരംഭിച്ചു
1602020
Wednesday, October 22, 2025 11:40 PM IST
തൊടുപുഴ: മുട്ടം കോടതി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാഷണലിസ്റ്റ് ലോയേഴ്സ് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റും എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. ഷാജി തെങ്ങുംപിള്ളി മുട്ടം കോടതി ജംഗ്ഷനിൽ 48 മണിക്കൂർ നിരാഹാര സമരം ആരംഭിച്ചു. പാർട്ടി സംസ്ഥാന പ്രസിഡന്റ് എൻ.എ. മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു.
എൻസിപി ജില്ലാ പ്രസിഡന്റ് സിയാദ് പറന്പിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ജബാർ മുഖ്യ പ്രഭാഷണം നടത്തി.
ബ്ലോക്ക് പ്രസിഡന്റ് കുര്യാച്ചൻ കണ്ടത്തിൽ, ബേബി വരിക്കമാക്കൽ, ഷൈജു അട്ടക്കുളത്ത്, പ്രിയ അനിൽ കുമാർ, കെ.കെ. സിൽവി, കെ.കെ. ഷംസുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.
റോഡ്നിർമാണം വൈകില്ല:
കേരള കോണ്ഗ്രസ്
മുട്ടം: കോടതി ജംഗ്ഷൻ പന്പ് ഹൗസ് റോഡ് ടാറിംഗിനായി ഫണ്ട് അനുവദിച്ചെന്നും ഉടൻ നിർമാണം ആരംഭിക്കുമെന്നും കേരള കോണ്ഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റി. റോഡ് ഗതാഗതയോഗ്യമല്ലാത്തതിനാൽ പുനരുദ്ധാരണത്തിനായി ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്ഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റി പി.ജെ. ജോസഫിന് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ 25 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു.
തദ്ദേശവകുപ്പ് തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതി 2024-2025 ൽ ഉൾപ്പെടുത്തി ഭരണാനുമതിയും ലഭിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്തിൽ ടെൻഡർ ക്ഷണിച്ച് കരാർ വയ്ക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥയിൽ ടാറിംഗ് നടത്താൻ കഴിയാത്തതിനാലാണ് നിർമാണം ആരംഭിക്കാത്തതെന്നും മഴ മാറിയാൽ ഉടൻ നിർമാണം ആരംഭിക്കുമെന്നും മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ കള്ളികാട്ട്, സെക്രട്ടറി ജോസഫ് തൊട്ടിത്താഴത്ത് എന്നിവർ അറിയിച്ചു.