വനംവകുപ്പിന്റെ മെല്ലെപ്പോക്ക്; പാലം നിർമാണം വൈകുന്നു
1602021
Wednesday, October 22, 2025 11:40 PM IST
തൊടുപുഴ: തൊമ്മൻകുത്തിൽ കണ്ണാടിപുഴയ്ക്കു കുറുകെ പാലം നിർമിക്കാൻ ആവശ്യമായ ഭൂമി വിട്ടുകിട്ടാൻ പരിവേഷ് പേർട്ടൽ വഴി അപേക്ഷ നൽകി വനംവകുപ്പ് ആവശ്യപ്പെട്ട തുക കെട്ടിവച്ചിട്ടും നിർമാണം തുടങ്ങാനാവാതെ കെഎസ്ടിപി. വിട്ടുനൽകേണ്ട ഭൂമി വനംവകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം അളന്നു തിരിച്ചു കെഎസ്ടിപിക്കു കൈമാറിയിയിരുന്നു. എന്നാൽ, ഇതിന്റെ മഹസർ തയാറാക്കി കോതമംഗലം ഡിഎഫ്ഒ ഓഫീസിൽനിന്ന് ഉത്തരവ് കൈമാറിയില്ല. ഇതാണ് നിർമാണം വൈകുന്നതിനു കാരണമായി പറയുന്നത്.
മരമില്ല പക്ഷേ, വില നൽകണം
ഇതിനിടെ, കൈമാറിയ ഭൂമിയിൽ മരങ്ങൾ ഇല്ലെങ്കിലും അവിടെ നട്ടു പരിപാലിക്കാൻ കഴിയുന്ന മരങ്ങളുടെ വിലകൂടി നൽകണമെന്ന ചട്ടം വനനിയമത്തിലുണ്ടെന്ന നിലപാടിലാണ് വനംവകുപ്പ്. നഷ്ടപ്പെട്ട ഭൂമിക്കു പകരമുള്ള സ്ഥലത്തു വനം വച്ചുപിടിപ്പിക്കാൻ ചെലവാകുന്ന തുകകൂടി കെഎസ്ടിപി അടയ്ക്കണമെന്നാണ് വനം വകുപ്പ് ഉന്നയിക്കുന്ന പുതിയ ആവശ്യം.
ഇതിനാവശ്യമായ തുക കണക്കാക്കി കാളിയാർ റേഞ്ച് ഓഫീസിൽനിന്നു നൽകിയിട്ടുണ്ടെന്നും അടയ്ക്കേണ്ട തുക സംബന്ധിച്ച അറിയിപ്പ് ഉടൻ കെസ്ടിപിക്കു കൈമാറുമെന്നും കോതമംഗലം ഡിഎഫ്ഒ ഓഫീസ് അധികൃതർ പറഞ്ഞു.
അടയ്ക്കേണ്ട തുക സംബന്ധിച്ച അറിയിപ്പു കിട്ടിയാൽ ഇതു കെഎസ്ടിപി ഉന്നതതല ഓഫീസിൽ നൽകി അവിടെനിന്നു തുക അടയ്ക്കാനുള്ള ഉത്തരവ് കിട്ടിയാലെ ഇനി വനംവകുപ്പിൽ തുക അടയ്ക്കാൻ കഴിയുകയുള്ളു എന്നാണ് കെഎസ്ടിപി അധികൃതർ പറയുന്നത്.
നിർമാണം ഇനിയും വൈകുമോ?
പാലം നിർമിക്കാനായി ഭൂമിവിട്ടു കിട്ടാൻതന്നെ ഒരു വർഷത്തോളമെടുത്തു. വനംവകുപ്പ് ഇപ്പോൾ ആവശ്യപ്പെടുന്ന തുക അടയ്ക്കാനും ഇതോടനുബന്ധിച്ചുള്ള നടപടിക്രമങ്ങളിലും കാലതാമസം നേരിട്ടാൽ നിർമാണം വീണ്ടും വൈകും.
നിലവിൽ മഴ പെയ്താൽ വെള്ളത്തിൽ മുങ്ങുന്ന പാലത്തിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. കരിമണ്ണൂർ-വണ്ണപ്പുറം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം മഴക്കാലത്ത് മുങ്ങുന്നതു പതിവാണ്. നിസാര കാരണങ്ങൾ ഉന്നയിച്ചു റോഡിന്റെയും പാലത്തിന്റെയും നിർമാണം വൈകിപ്പിക്കുന്ന നടപടിയാണ് വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നു നാട്ടുകാർ കുറ്റപ്പെടുത്തുന്നു. വനം മന്ത്രിയും ജനപ്രതിനിധികളും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.