ദേശീയപാതയിൽ ദുരിതമായി വളർത്തുമൃഗങ്ങളുടെ മാർച്ച്
1602003
Wednesday, October 22, 2025 11:40 PM IST
രാജാക്കാട്: അഴിച്ചു വിട്ടിരിക്കുന്ന വളര്‍ത്തു മൃഗങ്ങള്‍ റോഡില്‍ തമ്പടിച്ച് ഗതാഗത തടസമുണ്ടാക്കുന്നതു ദുരിതമാകുന്നു.
ദിവസേന ആയിരക്കണക്കിനു വിനോദ സഞ്ചാരികളുടെ വാഹനങ്ങളും ബസും ചരക്ക് വാഹനങ്ങളുമടക്കം കടന്നുപോകുന്ന കൊച്ചി - ധനുഷ്കോടി ദേശീയപാതയില്‍ ആനയിറങ്കലിനു സമീപമാണ് നിരവധി വളര്‍ത്തു മൃഗങ്ങളെ ഉടമകള്‍ കെട്ടഴിച്ചു വിട്ടിരിക്കുന്നത്.
തീറ്റ തേടി അലഞ്ഞുതിരിയുന്ന ഇവ കൂട്ടത്തോടെ റോഡില്‍ തമ്പടിക്കുകയാണ്. വാഹനങ്ങള്‍ ഹോണ്‍ മുഴക്കിയാല്‍ പോലും ഇവ റോഡില്‍നിന്നു മാറാതെ നില്ക്കുന്ന സാഹചര്യമാണ്.
അപകട ഭീഷണി
ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത് ഇരുചക്ര വാഹന യാത്രികരും കാല്‍നടയാത്രികരുമാണ്.
വളവുള്ള പ്രദേശത്ത് തമ്പടിക്കുന്ന ഇവയെ കാണാതെയെത്തുന്ന ഇരുചക്ര വാഹന യാത്രികര്‍ നിരവധിപേര്‍ അപകടത്തില്‍പെട്ടിട്ടുണ്ട്.
പലതവണ അധികൃതരോടു പരാതിപ്പെട്ടെങ്കിലും പ്രശ്നപരിഹാരമില്ലെന്ന് സ്ഥിരം യാത്ര ചെയ്യുന്നവര്‍ പറയുന്നു.
എസ്റ്റേറ്റ് മേഖലയിലുള്ള തൊഴിലാളികളുടെ അടക്കം പശുക്കളെയാണ് ഇത്തരത്തില്‍ കയറൂരി വിട്ടിരിക്കുന്നത്. കുത്തിറക്കവും കൊടും വളവുകളും നിറഞ്ഞ ദേശീയപാതയില്‍ വലിയ അപകടത്തിനു വഴിയൊരുക്കുന്ന തരത്തില്‍ വളര്‍ത്തു മൃഗങ്ങള്‍ തമ്പടിക്കുന്നത് തടയണം.
ഇത്തരത്തില്‍ വളര്‍ത്തു മൃഗങ്ങളെ അഴിച്ചുവിടുന്ന ഉടമകള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.