സിവിൽ സ്റ്റേഷനിലെ സർക്കാർ സ്ഥാപനങ്ങൾ ഹരിത ഓഫീസുകളാകും
1459371
Monday, October 7, 2024 2:55 AM IST
ഇടുക്കി: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ജനകീയ പ്രചാരണ പരിപാടിയുടെ ഭാഗമായി പൈനാവ് സിവിൽ സ്്റ്റേഷനിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളെയും ഹരിത ഓഫീസുകളാക്കി മാറ്റും. ജില്ലയെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഹരിതകേരളം മുൻകൈയെടുത്ത് ഓഫീസുകളിലെ പാഴ്വസ്തുക്കളെല്ലാം സമഗ്രമായി നീക്കുന്നത്.
ജില്ലാ സിവിൽ സ്റ്റേഷനിൽ 26 ഓഫീസുകളാണുള്ളത്. ഇവയെ ഹരിതാഭമാക്കുന്നതിന് മുന്നോടിയായി വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ എഡിഎം ഷൈജു പി.ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. അജയ് പി. കൃഷ്ണ പദ്ധതി വിശദീകരിച്ചു. ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ. ആർ. ഭാഗ്യരാജ് പ്രസംഗിച്ചു.
എല്ലാ ഓഫീസുകളിലും ഹരിത പെരുമാറ്റച്ചട്ടം ഉറപ്പാക്കുന്നതിന് നോഡൽ ഓഫീസറെ നിയോഗിക്കുന്നതിന് എഡിഎം ജില്ലാ ഓഫീസ് മേധാവികൾക്ക് നിർദേശം നൽകി. ഇവരുടെ യോഗം എട്ടിന് നടത്തും. എല്ലാ ഓഫീസുകളിൽനിന്നു പ്ലാസ്റ്റിക്കും പാഴ്വസ്തുക്കളും ഹരിതകർമസേനയ്ക്ക് യൂസർഫീ നൽകി കൈമാറും.
ഓഫീസ് പരിസരത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ പൂന്തോട്ടം, ശലഭോദ്യാനം എന്നിവ നിർമിക്കും. താത്കാലികമായി എല്ലാ ഓഫീസുകളിലും ബയോബിൻ സ്ഥാപിക്കും. ജില്ലാ കളക്ടറുടെ അനുമതിയോടെ സിവിൽ സ്റ്റേഷൻ വളപ്പിൽ ജൈവമാലിന്യ സംസ്കരണത്തിന് പൊതുസംവിധാനമുണ്ടാക്കാനും യോഗം തീരുമാനിച്ചു.