വാഗമണ്‍ ചില്ലുപാലം തുറക്കാൻ അനുമതി
1459180
Sunday, October 6, 2024 2:23 AM IST
തൊടുപുഴ: ഏറെ സന്ദർശകരെ ആകർഷിച്ചിരുന്ന വാഗമണ്ണിലെ കോലാഹലമേട് അഡ്വഞ്ചർ പാർക്കിലെ ചില്ലുപാലം നാലു മാസത്തിനു ശേഷം വീണ്ടും തുറന്നുനൽകാൻ സർക്കാർ ഉത്തരവായി.
കാലവർഷം കനത്ത സാഹചര്യം മുൻ നിർത്തിയാണ് കഴിഞ്ഞ ജൂണ്‍ ഒന്നു മുതൽ സംസ്ഥാനത്തെ ഫ്ളോട്ടിംഗ് ബ്രിഡ്ജുകളും വാഗമണ്ണിലെ ചില്ലുപാലവും അടച്ചിടാൻ സംസ്ഥാന ടൂറിസം ഡയറക്ടർ നിർദേശം നൽകിയത്. പാലത്തിന്റെ സുരക്ഷ ഉറപ്പാക്കിയ ശേഷം സന്ദർശകർക്ക് തുറന്നു നൽകിയാൽ മതിയെന്ന നിർദേശത്തെത്തുടർന്നാണ് പാലം അടച്ചത്.
പാലത്തിന്റെ സുരക്ഷ, സ്റ്റബിലിറ്റി എന്നിവയെക്കറിച്ചു കോഴിക്കോട് എൻഐടിയിലെ സിവിൽ എൻജനിയറിംഗ് വിഭാഗം നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോർട്ടിലെ ശിപാർശകൾ കർശനമായി പാലിക്കുന്നെന്ന് ഉറപ്പാക്കി പ്രവർത്തനം പുനരാരംഭിക്കാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും നീളമുള്ള കാൻഡി ലിവർ ചില്ലുപാലമാണ് വാഗമണ്ണിലേത്. സമുദ്ര നിരപ്പിൽനിന്നു 3,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന 40 മീറ്റർ നീളമുള്ള പാലം 2023 സെപ്റ്റംബലാണ് വിനോദ സഞ്ചാരികൾക്കായി തുറന്നുനൽകിയത്.
സർക്കാർ ഉത്തരവ് ലഭിച്ച സാഹചര്യത്തിൽ അടുത്ത ദിവസം തന്നെ പാലം തുറന്നുനൽകാനുള്ള നടപടി സ്വീകരിക്കുമെന്ന് ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് പറഞ്ഞു.