അതിഥിമന്ദിരത്തിന് അലങ്കാരമോ ? നടപ്പാതയിൽ പൊട്ടിച്ചിതറിയ മദ്യക്കുപ്പികൾ; കാമറ എവിടെ?
1458721
Friday, October 4, 2024 2:10 AM IST
തൊടുപുഴ: നഗരത്തിലെ തിരക്കേറിയ നടപ്പാതയിൽ പൊട്ടിയ മദ്യക്കുപ്പികൾ ചിതറിക്കിടക്കുന്നത് പതിവ് കാഴ്ചയാകുന്നു. പൊതുമരാമത്ത് വകുപ്പ് റെസ്റ്റ്ഹൗസിനു മുന്നിലെ നടപ്പാതയിലാണ് പതിവായി മദ്യക്കുപ്പികൾ നിക്ഷേപിക്കുന്നത്.
ഇതിൽ പലതും പൊട്ടിച്ചിതറിയ നിലയിലാണ്. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ കടന്നുപോകുന്ന നടപ്പാതയിലാണ് ഇവ ചിതറിക്കിടക്കുന്നത്.ആരുടെയെങ്കിലും ശ്രദ്ധ തെറ്റിയാൽ കാലിൽ ചില്ലുകൾ തുളച്ചുകയറും.
സർക്കാർ അതിഥിമന്ദിരത്തിനും സ്കൂളിനും സമീപത്താണ് ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ അരങ്ങേറുന്നത്. മാധ്യമങ്ങൾ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതൊന്നും അധികൃതർ കാണുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ പലപ്പോഴും താമസിക്കുന്ന അതിഥിമന്ദിരം മോടിപിടിപ്പിച്ചെങ്കിലും കണ്മുന്നിൽ നടക്കുന്ന സംഭവങ്ങൾ അധികൃതർ ശ്രദ്ധിക്കാതെ പോകുന്നത് വലിയ വിപത്തിനു കാരണമാകും.
രാത്രി സമയങ്ങളിൽ വാഹനത്തിലിരുന്ന് മദ്യപിക്കുന്നവരാണ് ഇവിടെ കാലിക്കുപ്പികൾ നിക്ഷേപിക്കുന്നതെന്നാണ് സൂചന. ഫുട്പാത്തിനോടുചേർന്ന് നിരവധി വാഹനങ്ങളും ദിവസേന പാർക്ക് ചെയ്യുന്നുണ്ട്.
വാഹനങ്ങൾ കയറിയും കുപ്പികൾ വലിച്ചെറിയുന്നതും മൂലമാണ് ഇവ പൊട്ടുന്നത്. ഈ സാഹചര്യത്തിൽ അതിഥിമന്ദിരത്തിനു മുന്നിൽ സിസിടിവി കാമറകൾ സ്ഥാപിച്ച് ഇത്തരം പ്രവർത്തനങ്ങൾ തടയാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.